ഐക്യരാഷ്‌ട്രസഭാ സുരക്ഷാ കൗൺസിലിൽ അദ്ധ്യക്ഷത വഹിക്കാൻ പ്രധാനമന്ത്രി മോദി; സ്ഥാനലബ്‌ദിക്ക് കൂടെ നിന്ന് ഫ്രാൻസും

Sunday 01 August 2021 4:29 PM IST

ന്യൂഡൽഹി: ഐക്യരാഷ്‌ട്രസഭാ സുരക്ഷാ കൗൺസിലിന്റെ ചരിത്രത്തിലാദ്യമായി ഒരു പ്രധാനമന്ത്രി യോഗത്തിന് അദ്ധ്യക്ഷത വഹിക്കും. കൗൺസിലിന്റെ 75 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണിത്. ഓഗസ്‌റ്റ് മാസത്തെ അദ്ധ്യക്ഷ സ്ഥാനം ഇന്ത്യയ്‌ക്കാണ്. ഫ്രാൻസായിരുന്നു ജൂലായ് മാസത്തിൽ അദ്ധ്യക്ഷ പദവി വഹിച്ചത്. ഇന്ത്യയ്ക്ക് അദ്ധ്യക്ഷ പദവി ലഭിക്കാൻ ഫ്രാൻസിന്റെ സഹകരണമുണ്ടായിരുന്നു.

ഓഗസ്‌റ്റ് ഒൻപതിന് വെർച്വലായി നടക്കുന്ന സുരക്ഷാ കൗൺസിൽ യോഗം നയിക്കുന്നത് മോദിയാകും. ഇത് രാജ്യത്തിന് വലിയ നേട്ടവും അംഗീകാരവുമാണെന്ന് ഇന്ത്യയിൽ നിന്നുള‌ള മുൻ യുഎൻ ക്ഷണിതാവ് സൈയദ് അക്ബറുദ്ദീൻ ട്വീറ്റ് ചെയ്‌തു.

നിലവിൽ ഇന്ത്യയുടെ യുഎൻ അംബാസഡർ ടി.എസ് തിരുമൂർത്തി ഫ്രാൻസിൽ നിന്ന് അദ്ധ്യക്ഷപദവി ഇന്ത്യക്കായി ഏറ്റെടുത്ത് നന്ദി അറിയിച്ചു. ലോകസമാധാനത്തിനും അന്താരാഷ്‌ട്ര സുരക്ഷയിലും ഇന്ത്യയിൽ നിന്ന് വലിയ സംഭാവനയുണ്ടാകുമെന്ന് നന്ദി അറിയിച്ചുള‌ള ട്വിറ്റിൽ അദ്ദേഹം പറഞ്ഞു. മൂന്നോളം മീറ്റിംഗുകൾ ഇക്കാര്യത്തിൽ ചേരും. ഫ്രഞ്ച് അംബാസഡ‌ർ ഇമ്മാനുവൽ ലെനായ്‌ൻ ഇന്ത്യയെ സ്ഥാനലബ്‌ദിയിൽ അഭിനന്ദിച്ചു.

ഒരു മാസം അദ്ധ്യക്ഷത വഹിക്കാൻ ഇന്ത്യയ്‌ക്ക് ലഭിക്കുന്ന പത്താമത് അവസരമാണിത്. മുൻപ് 1950 ജൂണിലാണ് ഇന്ത്യ ഐക്യരാഷ്‌ട്രസഭാ സുരക്ഷാ കൗൺസിലിൽ ആദ്യമായി അദ്ധ്യക്ഷത വഹിച്ചത്.