'ജൂലായ് മാസത്തിൽ മാത്രം നൽകിയത് 13 കോടി ഡോസ്‌ വാക്‌സിൻ, താങ്കൾക്ക് പക്വതയില്ല'; രാഹുൽഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആരോഗ്യമന്ത്രി

Sunday 01 August 2021 5:44 PM IST

ന്യൂഡൽഹി: രാജ്യത്ത് 47 കോടി ഡോസ് വാക്‌സിൻ നൽകിയെന്ന കേന്ദ്ര സർക്കാ‌ർ വാദത്തെ വിമർശിച്ച രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്രം. ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയാണ് രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ചത്.

'പതിമൂന്ന് കോടിയിലേറെ ഡോസ് വാക്‌സിൻ ജൂലായ് മാസത്തിൽ മാത്രം നൽകി. ഈ മാസം അതിലും കൂടുതൽ ഡോസ് വാക്‌സിൻ നൽകും.' കേന്ദ്ര ആരോഗ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു. കഴിഞ്ഞ മാസം വാക്‌സിൻ ലഭിച്ചവരിൽ ഒരാളാണ് താങ്കളെന്ന് അറിഞ്ഞെന്നും എന്നിട്ടും രാജ്യത്തെ ശാസ്‌ത്രജ്ഞരെ കുറിച്ച് രണ്ട് നല്ലവാക്ക് പറയാനോ, ജനങ്ങളോട് വാക്‌സിനെടുക്കാൻ നിർദ്ദേശം നൽകാനോ രാഹുൽ ഗാന്ധി ശ്രമിച്ചില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. വാക്സിൻ ലഭിക്കുന്നില്ലെന്ന അങ്ങയുടെ വാദം രാഷ്‌ട്രീയമാണെന്നും താങ്കൾക്ക് പക്വതയില്ലെന്നും മന്ത്രി രാഹുൽ ഗാന്ധിയെ വിമർശിച്ചു.

'ജൂലായ് മാസവും കടന്നുപോയി എന്നാൽ വാക്‌സിൻ ക്ഷാമം മാത്രം പോയിട്ടില്ല' എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60 ലക്ഷം ഡോസ് വാക്‌സിൻ നൽകിയതായാണ് കേന്ദ്ര സർക്കാർ അറിയിച്ചത്. ഇതോടെ ആകെ വിതരണം ചെയ്‌ത വാക്‌സിൻ ഡോസുകൾ 47 കോടിയായെന്നും ഇന്ന് പുറത്തിറക്കിയ കുറിപ്പിൽ കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Advertisement
Advertisement