കാശ്മീരിൽ കല്ലേ‌ർ നടത്തുന്നവർക്ക് പണികൊടുത്ത് പൊലീസ്; ക്രമസമാധാനപാലനത്തിൽ വ്യക്തിയുടെ പങ്കാളിത്തം ഉറപ്പുവരുത്താൻ നീക്കം

Sunday 01 August 2021 7:53 PM IST

ശ്രീന​ഗർ: കല്ലേറ്, വിധ്വംസക പ്രവർത്തനങ്ങൾ എന്നിവയിൽ ഏർപ്പെടുന്നവർക്ക് പാസ്പോർട്ടിനും മറ്റ് സർക്കാർ സേവനങ്ങൾക്കും ആവശ്യമായ സെക്യൂരിറ്റി ക്ലിയറൻസ് നൽകേണ്ടതില്ലെന്ന തീരുമാനവുമായി ജമ്മു കാശ്മീർ പൊലീസ്. ജമ്മു കാശ്മീർ പൊലീസിലെ സി.ഐ.ഡി (ക്രിമിനൽ ഇൻവെസ്റ്റി​ഗേഷൻ ഡിപ്പാർട്ട്മെന്റ്) വിഭാ​ഗം എസ്.എസ്.പി പുറപ്പെടുവിച്ച ഉത്തരവിൽ തങ്ങൾക്ക് കീഴിലുളള എല്ലാ ഫീൽഡ് യൂണിറ്റുകൾക്കും ഇതുമായി ബന്ധപ്പെട്ട കൃത്യമായ നിർദ്ദേശം നൽകിയിട്ടുണ്ട്.

സി.സി.ടി.വി ദൃശ്യങ്ങൾ, ഫോട്ടോഗ്രാഫുകൾ, വീഡിയോകൾ, ഓഡിയോ ക്ലിപ്പുകൾ, പൊലീസ് സുരക്ഷാ സേനകൾ-ഏജൻസികൾ എന്നിവയുടെ രേഖകളിൽ ലഭ്യമായ ക്വാഡ്കോപ്റ്റർ ചിത്രങ്ങൾ എന്നിവയും പരിശോധനാ സമയത്ത് റഫർ ചെയ്യണമെന്നും ഉത്തരവിൽ പറയുന്നു. ഉത്തരവിൽ പറയുന്ന ഏതെങ്കിലും തരത്തിലുളള കേസുകളിൽ ഏർപ്പെട്ടതായി കണ്ടെത്തിയാൽ സെക്യൂരിറ്റി ക്ലിയറൻസ് നിഷേധിക്കുമെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.