ശനിയകറ്റാൻ മാരിത്തെയ്യങ്ങൾ ഈ വർഷവും ഉറഞ്ഞാടിയില്ല

Monday 02 August 2021 12:12 AM IST
മാടായികാവിൽ കെട്ടിയാടുന്ന മാരി തെയ്യങ്ങൾ(ഫയൽ ഫോട്ടോ)

പഴയങ്ങാടി: കൊവിഡ് മഹാമാരി വിഘ്നം തീർത്തതോടെ കർക്കടക മാസത്തിലെ പതിനാറാം നാളായ ഇന്നലെ മാടായിക്കാവിൽ മാരിത്തെയ്യങ്ങൾ ഉറഞ്ഞാടിയില്ല. എല്ലാ വർഷവും കർക്കടകം 16ന് രാവിലെ പുലയ സമുദായത്തിലെ കാരണവരും പൊള്ളയും കോലധാരികളും കുളിച്ചുതൊഴുത് ക്ഷേത്രത്തിലെത്തി തെയ്യം കെട്ടാനുള്ള അനുവാദം മാടായിക്കാവിലമ്മയിൽ നിന്ന് വാങ്ങിച്ച് ഇവർക്കായി അനുവദിച്ച അണിയറയിലെത്തിയാണ് ചടങ്ങുകൾ തുടങ്ങുക.

നാട്ടിലാകെ ആധിയും വ്യാധിയും പിടിപെട്ട് ജീവിതം ദുരിതപൂർണമായി മാറുകയും ക്ഷേത്രങ്ങളിലും കാവുകളിലും പൂജാദി കർമ്മങ്ങൾ മുടങ്ങുകയും ചെയ്തതോടെ ശനിയുടെ അപഹാരം മാടായിക്കാവിലമ്മയ്ക്കും ബാധിച്ചതായി കണ്ടെത്തി. പ്രശ്ന പരിഹാരത്തിന് ചിറക്കൽ കോവിലകം തമ്പുരാൻ ഇടപെട്ട് ദേവപ്രശ്നം നടത്തുകയും മലനാട്ടിലാകെ108 കൂട്ടം ശനികൾ ബാധിച്ചതായി കാണുകയും ചെയ്തു. തുടർന്ന് നാടിനെ ബാധിച്ച ശനിയെ അകറ്റുവാൻ മലയ, വണ്ണാൻ സമുദായത്തിലെ കർമ്മികളെ വിളിച്ചുവരുത്തി കർമ്മങ്ങൾ ചെയ്തുവെങ്കിലും ശനിയെ പൂർണമായും ഒഴിപ്പിക്കാൻ കഴിഞ്ഞില്ല. തുടർന്ന് പുലയ സമുദായത്തിലുള്ള പൊള്ളയെ വിളിച്ച് വരുത്തി കർമ്മങ്ങൾ ചെയ്താണ് ശനിയെ ഒഴിപ്പിച്ച് നാട്ടിൽ ഐശ്വര്യവും സമൃദ്ധിയും വരുത്തിയതെന്നാണ് ഐതിഹ്യം.

കർക്കിടകം16 ന് കാവിൽ നിന്ന് കെട്ടി പുറപ്പെടുന്ന മാരി കരുവൻ, മാമാരികരുവൻ, മാരി കലിച്ചി, മാമാരി കലിച്ചി, മാരിഗുളികൻ, മാമാരി ഗുളികൻ തുടങ്ങി തെയ്യകോലങ്ങൾ നാട്ടിൽ ചുറ്റി സഞ്ചരിച്ചു ദുരിതങ്ങളെ ആവാഹിച്ച് ഉറഞ്ഞുതുള്ളി കടലിൽ ശനിയെ ഒഴുക്കുന്നതോടെയാണ് മാരിത്തെയ്യത്തിന് സമാപനമാകുക.

നൂറുകണക്കിന് ഭക്ത ജനങ്ങൾ പങ്കെടുക്കുന്ന ചടങ്ങ് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് നടത്താൻ കഴിയാത്തത് കൊണ്ടാണ് മാരിത്തെയ്യ ചടങ്ങ് രണ്ടാം വർഷവും ഉപേക്ഷിക്കേണ്ടി വന്നത്.

Advertisement
Advertisement