നാലേക്കറിൽ ചെറുവനമൊരുക്കാൻ കേരള കേന്ദ്ര സർവ്വകലാശാല

Monday 02 August 2021 12:13 AM IST
കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ മിനി ഫോറസ്റ്റ് പദ്ധതിയുടെ ഉദ്ഘാടനം വൈസ് ചാന്‍സലര്‍ പ്രൊഫ.എച്ച്.വെങ്കടേശ്വര്‍ലു മരം നട്ട് നിര്‍വ്വഹിക്കുന്നു

പെരിയ (കാസർകോട്): നാലേക്കറിൽ ചെറുവനം നിർമ്മിക്കാൻ പദ്ധതിയുമായി കേരള കേന്ദ്ര സർവ്വകലാശാല. കാമ്പസ് ഡവലപ്‌മെന്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സോഷ്യൽ ഫോറസ്ട്രിയുടെ സഹകരണത്തോടെ പെരിയ കാമ്പസിൽ ദേശീയപാതയ്ക്കരികിലായാണ് ചെറുവനം ഒരുങ്ങുന്നത്. മിയാവാക്കി മാതൃകയിൽ അറുപതിനായിരത്തിലധികം മരങ്ങളാണ് ഇവിടെ നട്ടു പിടിപ്പിക്കുക.

പദ്ധതിയുടെ ഉദ്ഘാടനം വൈസ് ചാൻസലർ പ്രൊഫ. എച്ച്. വെങ്കടേശ്വർലു മരം നട്ട് നിർവ്വഹിച്ചു. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനും കാമ്പസ് ഹരിതാഭമാക്കി നിലനിർത്തുന്നതിനും ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും ഇതോടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ പദ്ധതികൾ നടപ്പാക്കും. മരം ദത്തെടുക്കൽ പദ്ധതി സർവ്വകലാശാലയിൽ നടന്നുവരുന്നുണ്ട്. പ്രകൃതി സംരക്ഷണത്തിന്റെ സന്ദേശം സമൂഹത്തിന് നൽകാനും കൂടുതൽ ആളുകളെ ഇത്തരം പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കാനും സർവ്വകലാശാല ലക്ഷ്യമിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അദ്ധ്യാപകരും ജീവനക്കാരും പദ്ധതിയുടെ ഭാഗമായി മരം നട്ടു. ഇരുപതിലേറെ വിഭാഗങ്ങളിൽപ്പെടുന്ന മരങ്ങളാണ് ഇവിടെ നടുന്നത്. ഇലവങ്കം, ഇലിപ്പ, ഈട്ടി, ഉരുപ്പ്, കമ്പകം, നീർമരുത്, ഞാവൽ, നെല്ലി, മുള തുടങ്ങി കേരളത്തിലെ കാലാവസ്ഥയിൽ സ്വാഭാവികമായി വളരുന്ന മരങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

രജിസ്ട്രാർ ഡോ. രാജേന്ദ്ര പിലാങ്കട്ട, കൺട്രോളർ ഓഫ് എക്സാമിനേഷൻ ഡോ. എം. മുരളീധരൻ നമ്പ്യാർ, ഫിനാൻസ് ഓഫീസർ ഡോ. ബി.ആർ. പ്രസന്ന കുമാർ, അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് അജിത് കെ. രാമൻ, കാമ്പസ് ഡവലപ്‌മെന്റ് കമ്മിറ്റി ഓഫീസർ ഡോ. ടോണി ഗ്രേസ്, അംഗങ്ങളായ ഡോ. കെ. രാമചന്ദ്രൻ, ഡോ. ജിന്നി ആന്റണി, ഡോ. അജയ് കുമാർ, ഡോ. ഋഷിറാം രമണൻ, ഡോ. ബി. ചന്ദൻ കുമാർ, വി.കെ ശ്രീകാന്ത്, പി. ഷാനിൽ, റേഞ്ച് ഓഫീസർ ജയപ്രകാശ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ ഷൈനി കുമാർ, എം. ചന്ദ്രൻ, എം. ബിജു, കെ. അനിലൻ എന്നിവർ പങ്കെടുത്തു.

Advertisement
Advertisement