പി വി സിന്ധു ഇന്ത്യയുടെ അഭിമാനമെന്ന് പ്രധാനമന്ത്രി,​ ഒളിമ്പിക് വെങ്കല മെഡൽ നേട്ടത്തിൽ സിന്ധുവിന് അഭിനന്ദന പ്രവാഹം

Sunday 01 August 2021 10:28 PM IST

ന്യൂഡല്‍ഹി : ടോക്യോ ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ബാഡ്മിന്റണ്‍ താരം പി വി സിന്ധുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും മറ്റ് മന്ത്രിമാരും. ഇന്ത്യയുടെ അഭിമാനവും നമ്മുടെ ഏറ്റവും മികച്ച ഒളിമ്പ്യൻമാരിൽ ഒരാളുമാണ് സിന്ധുവെന്ന് നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. പി.വി. സിന്ധുവിന്റെ മിന്നുന്ന പ്രകടനം നമ്മെ എല്ലാപേരെയും ആവേശഭരിതരാക്കി. ഇന്ത്യയുടെ അഭിമാനവും നമ്മുടെ ഏറ്റവും മികച്ച ഒളിമ്പ്യന്‍മാരില്‍ ഒരാളുമാണ് അവർ. മോദി ട്വീറ്റിൽ പറഞ്ഞു.

പ്രധാനമന്ത്രിയ്‌ക്ക് പിന്നാലെ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്, കേന്ദ്രമന്ത്രിമാരായ അമിത്ഷാ, രാജ്‌നാഥ് സിംഗ്, നിര്‍മ്മലാ സീതാരാമന്‍ എന്നിവരാണ് സിന്ധുവിന് അഭിനന്ദനങ്ങള്‍ നേര്‍ന്നത്. ബാഡ്മിന്റണ്‍ ലൂസേഴ്‌സ് ഫൈനലില്‍ വെങ്കല മെഡല്‍ നേടിയാണ് സിന്ധു ഇന്ത്യയുടെ അഭിമാനമായത്.

അര്‍പ്പണബോധം, സ്ഥിരത, മികവ് എന്നീ ഗുണങ്ങള്‍ക്ക് പുതിയ അളവുകോല്‍ സിന്ധു സ്ഥാപിച്ചു. ഇന്ത്യയുടെ മഹത്വം ഉയര്‍ത്തിയ സിന്ധുവിന് അഭിനന്ദനങ്ങള്‍ നേരുന്നുവെന്ന് രാഷ്ട്രപതി ആശംസിച്ചു.

ചരിത്രനേട്ടത്തില്‍ സിന്ധുവിനെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്ന് അമിത് ഷാ ട്വീറ്റ് ചെയ്തു. കളിയോടുള്ള ആത്മാര്‍ത്ഥതയും, ആരാധനയും ഒരിക്കലും മാറില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു. തുടര്‍ന്നും രാജ്യത്തിന് അഭിമാനകരമായ നേട്ടങ്ങള്‍ സമ്മാനിക്കാന്‍ സിന്ധുവിന് കഴിയട്ടെയെന്നും അദ്ദേഹം പറഞ്ഞു. പല അവസരങ്ങളിലും ഉജ്ജ്വല വിജയം നേടി സിന്ധു ഇന്ത്യയുടെ യശസ് ഉയര്‍ത്തിയിട്ടുണ്ട്. ഇന്നും ഇത് ആവര്‍ത്തിച്ചു- രാജ്‌നാഥ് സിംഗ് ട്വിറ്ററില്‍ കുറിച്ചു.

ടോക്യോ ഒളിമ്ബിക്‌സില്‍ വെങ്കല മെഡല്‍ നേടിയ സിന്ധുവിന് അഭിനന്ദനങ്ങള്‍ നേരുകയാണെന്ന് കേന്ദ്രധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. സിന്ധുവിന്റെ അക്ഷീണ പരിശ്രമം പ്രചോദനമാണെന്നും കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്തു.