ഫ്ളാറ്റും സമ്പാദ്യവും ജീവകാരുണ്യ സംഘടനയ്ക്ക് നൽകി ഡോ. ജെസ്മി

Sunday 01 August 2021 10:48 PM IST

തൃശൂർ: തിരുവസ്ത്രം ഉപേക്ഷിച്ച് പൗരോഹിത്യത്തിന്റെയും കന്യാസ്ത്രീ ജീവിതത്തിന്റെയും പിന്നാമ്പുറകഥകൾ തുറന്നുപറഞ്ഞ് കത്തോലിക്കാസഭയെ പ്രതിക്കൂട്ടിലാക്കിയ ഡോ. ജെസ്മി, തന്റെ സമ്പാദ്യം ജീവകാരുണ്യപ്രവർത്തനം നടത്തുന്ന സൊലേസ് എന്ന സംഘടനയ്ക്ക് കൈമാറുന്നു. ഗുരുവായൂരിലെയും, തൃശൂരിലെയും ഫ്‌ളാറ്റുകളും, തന്റെ പേരിലുള്ള പുസ്തകങ്ങളുടെ റോയൽറ്റിയും ബാങ്ക് ഡെപ്പോസിറ്റും സൊലേസിന് ലഭിക്കും വിധം മരണപത്രം തയ്യാറാക്കിയതായി ജെസ്മി പത്രസമ്മേളനത്തിൽ പറഞ്ഞു.

ഗുരുവായൂരിലെ ഫ്‌ളാറ്റിന്റെ പ്രമാണം സൊലേസ് സെക്രട്ടറി ഷീബ അമീറിന് കൈമാറി. ഈ ഫ്‌ളാറ്റ് വാടകയ്ക്ക് നൽകി വാടകയായി ലഭിക്കുന്ന തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കും. വീട്ടിൽ നിന്നോ സഭയിൽ നിന്നോ തനിക്കൊന്നും ലഭിച്ചിട്ടില്ല. തന്റെ സമ്പാദ്യമെല്ലാം പഠിപ്പിക്കലിനും പുസ്തകമെഴുത്തിനും ലഭിച്ച പ്രതിഫലമാണ്.

തുറന്നുപറച്ചിൽ തുടരും

അനീതികൾക്കെതിരായ തുറന്നുപറച്ചിൽ തുടരും. സഭയ്ക്കുള്ളിൽ നടക്കുന്ന പീഡനങ്ങൾക്കെതിരെ പ്രതികരിക്കുന്ന കന്യാസ്ത്രീകൾക്ക് ശക്തമായ പിന്തുണ നൽകുന്നുണ്ടെന്നും ആവശ്യം വന്നാൽ അവർക്ക് തെരുവിലേക്ക് വലിച്ചെറിയപ്പെട്ടാൽ അഭയം നൽകുമെന്നും ജെസ്മി പറഞ്ഞു. 2008 ജൂലായിൽ സെന്റ്‌ മേരീസ് കോളേജ് പ്രിൻസിപ്പൽ സ്ഥാനത്ത് നിന്ന് സിസ്റ്റർ ജെസ്മി രാജിവച്ച് വി.ആർ.എസ് എടുത്ത് കത്തോലിക്കാസഭ വിട്ടത്. വിവാദമായ ആമേൻ അടക്കം എട്ട് പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. ജീവകാരുണ്യ പ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ഷീബ അമീറാണ് സൊലേസിന്റെ സ്ഥാപക. തങ്ങൾക്ക് ലഭിച്ച ഏറ്റവും വലിയ സംഭാവനയായി ഇതിനെ കാണുന്നുവെന്ന് സൊലേസ് സെക്രട്ടറി ഷീബ അമീർ പറഞ്ഞു.

Advertisement
Advertisement