യു. എൻ. രക്ഷാസമിതിയിൽ ചരിത്രം കുറിക്കാൻ മോദി, രക്ഷാസമിതി യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി

Sunday 01 August 2021 11:00 PM IST

യു. എൻ : ഐക്യരാഷ്ട്ര രക്ഷാസമിതി യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി ചരിത്രം കുറിക്കാൻ മോദി. രക്ഷാസമിതിയുടെ ആഗസ്റ്റിലെ പ്രസിഡന്റ് സ്ഥാനം ഇന്ത്യ ഏറ്റെടുത്തതിന് പിന്നാലെയാണ് സമിതിയുടെ സുപ്രധാനമായ ഒരു യോഗത്തെ നയിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തീരുമാനം.

യു. എന്നിലെ മുൻ ഇന്ത്യൻ സ്ഥിരം പ്രതിനിധി സയദ് അക്ബറുദ്ദീൻ അറിയിച്ചതാണ് ഇക്കാര്യം. സ്വതന്ത്ര ഇന്ത്യയുടെ 75 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യൻ രാഷ്‌ട്രീയ നേതൃത്വം യു. എന്നിന്റെ 15 അംഗ പരമോന്നത സമിതിയുടെ യോഗത്തിൽ

അദ്ധ്യക്ഷത വഹിക്കുന്നത്. മുന്നിൽ നിന്ന് നയിക്കാനുള്ള പ്രധാനമന്ത്രിയുടെ

ഈ തീരുമാനം നമ്മുടെ വിദേശ നയത്തിൽ രാഷ്‌ട്രീയ നേതൃത്വത്തിന്റെ പ്രതിബദ്ധതയുടെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

ഓൺലൈനിലായിരിക്കും പ്രധാനമന്ത്രി പങ്കെടുക്കുന്നത്. എങ്കിലും ഇത് ചരിത്രമാണ്. പ്രധാനമന്ത്രിയായിരുന്ന പി. വി. നരസിംഹ റാവു 1992ൽ രക്ഷാസമിതിയുടെ ഒരു യോഗത്തിൽ പങ്കെടുത്തിട്ടുണ്ട്.

സമുദ്ര സുരക്ഷ, സമാധാന പാലനം, ഭീകരവിരുദ്ധ ദൗത്യം എന്നിവയിലാണ് ഈ മാസം ഇന്ത്യയുടെ അദ്ധ്യക്ഷതയിൽ സുപ്രധാന യോഗങ്ങൾ നടക്കുക. പ്രധാനമന്ത്രി മോദി അദ്ധ്യക്ഷനാവുന്ന യോഗത്തിന്റെ തീയതി അറിവായിട്ടില്ല. മറ്റ് യോഗങ്ങളിൽ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ, വിദേശകാര്യ സെക്രട്ടറി ഹർഷ ഷ്രിംഗ്ല എന്നിവരും അദ്ധ്യക്ഷത വഹിക്കും. സമാധാന പാലകരുടെ സ്മരണയ്ക്കായി ഒരു ചടങ്ങും ഈ മാസം ഇന്ത്യ സംഘടിപ്പിക്കും.

സിറിയ, ഇറാക്ക്, സൊമാലിയ, യെമൻ, പശ്ചിമേഷ്യ എന്നിവ ഉൾപ്പെടെ ഒട്ടേറെ വിഷയങ്ങളും ഈ മാസത്തെ അജണ്ടയിലുണ്ട്. സൊമാലിയ,മാലി, ലെബനണിലെ യു. എൻ. സേന എന്നിവ സംബന്ധിച്ച പ്രമേയങ്ങളും അംഗീകരിക്കും.

ജൂലായിൽ രക്ഷാസമിതിയെ നയിച്ച ഫ്രാൻസിൽ നിന്ന് ഇന്നലെയാണ് ഇന്ത്യ ആഗസ്റ്റിലെ അദ്ധ്യക്ഷസ്ഥാനം ഏറ്റെടുത്തത്. രക്ഷാസമിതിയിലെ ഇന്ത്യയുടെ രണ്ട് വർഷത്തെ താൽക്കാലിക അംഗത്വം ഇക്കൊല്ലം ജനുവരി 1നാണ് ആരംഭിച്ചത്.

Advertisement
Advertisement