71 - ാമത്തെ വയസിൽ പരീക്ഷ എഴുതി, ആദരിക്കാൻ എം.എൽ.എ എത്തി

Monday 02 August 2021 11:20 PM IST

പൂവച്ചൽ: എഴുപത്തിയൊന്നാം വയസിൽ സാക്ഷരതാ മിഷൻ നടത്തുന്ന പ്ലസ് ടു തുല്യതാ പരീക്ഷ എഴുതിയിറങ്ങിയ കാട്ടാക്കട പാപ്പനം സ്വദേശി ധർമ്മരാജനെ കാണാൻ ജി. സ്റ്റീഫൻ എം.എൽ.എ അടക്കമുള്ളവർ സ്‌കൂൾ മുറ്റത്ത് കാത്തിരുന്നു. പൂവച്ചൽ സ്‌കൂളിൽ തുല്യതാ പഠനം പൂർത്തിയാക്കിയ ഈ മുതിർന്ന വിദ്യാർത്ഥിയുടെ പഠന താത്പര്യമറിഞ്ഞാണ് എം.എൽ.എ സ്കൂളിലെ ആദരിച്ചത്. പൂവച്ചൽ, വെള്ളനാട്, ഉഴമലക്കൽ, നെയ്യാർ ഡാം പഠനകേന്ദ്രങ്ങളിൽ നിന്നുള്ള 134 സ്ത്രീകളും 103 പുരുഷന്മാരുമാണ് ഇവിടെ പരീക്ഷ എഴുതിയത്. അക്കൂട്ടത്തൽ ഏറെപ്രായമുള്ള പഠിതാവാണ് ധർമ്മരാജൻ. സെന്റർ കോഓഡിനേറ്റർ ജി. രാജീവിന്റെ നേതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത്. ജില്ലാ പഞ്ചായത്തംഗം രാധിക, പൂവച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. സനൽകുമാർ, പ്രേരക്മാരായ സിനികുമാരി, ലതാകുമാരി, ലൈല, ഉഷാകുമാരി, പൂവച്ചൽ വി.എച്ച്.എസ്.എസ്.സി അദ്ധ്യാപകൻ ശ്രീകാന്ത് തുടങ്ങിയവർ പങ്കെടുത്തു. ബൈബിൾ കോളേജിൽ പഠിപ്പിക്കാൻ ബിരുദം വേണമെന്നതിനാലാണ് തുല്യതാകോഴ്സിന് ധർമ്മരാജൻ ചേർന്നത്. എൽ.എൽ.ബി പഠനത്തിന് ആഗ്രഹിക്കുന്നവർ, സർക്കാർ ജീവനക്കാർ,​ അങ്കണവാടി വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർക്ക് പുറമേ മറ്റ് മേഖലകളിൽ തൊഴിൽ ചെയ്യുന്നവരും ഇവിടെ പഠിതാക്കളായിരുന്നു.