മ്യാൻമറിൽ തിരഞ്ഞെടുപ്പിന് തയാറെന്ന് പട്ടാള ഭരണകൂടം

Monday 02 August 2021 1:42 AM IST

റങ്കൂൺ: മ്യാൻമറിൽ തിരഞ്ഞെടുപ്പ് നടത്താൻ തയ്യാറാണെന്ന് മ്യാൻമർ സൈനിക മേധാവി മിൻ ആങ് ലേയിങ്. മ്യാൻമറിൽ ജനാധിപത്യം പുനസ്ഥാപിക്കുമെന്ന് വ്യക്തമാക്കിയെങ്കിലും എന്ന് തിരിഞ്ഞെടുപ്പ് നടത്തുമെന്ന് കൃത്യമായി അദ്ദേഹം പറഞ്ഞില്ല. മ്യാൻമറിൽ പട്ടാളം ഭരണം ഏറ്റെടുത്തതിന് പിന്നാലെ ഏർപ്പെടുത്തിയ രാജ്യ വ്യാപക അടിയന്തിരാവസ്ഥ 2023 ആഗസ്റ്റോടെ പിൻവലിക്കുമെന്നും ലേയിംങ് അറിയിച്ചു. പട്ടാള അട്ടിമറി സമയത്ത് ഒരു വർഷത്തേക്ക് പ്രഖ്യാപിച്ചിരുന്ന അടിയന്തിരാവസ്ഥ നീളുന്നതിനോടൊ, രാജ്യത്ത് പട്ടാള ഭരണവും ഇനിയും നീണ്ടേക്കുമെന്ന സൂചനയാണ് പുറത്തു വരുന്നത്. ഇത് കൂടാതെ ആസിയാൻ (അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ്) തിരഞ്ഞെടുക്കുന്ന ഏത് സ്ഥാനപതിയുമായും സഹകരിക്കാൻ തയ്യാറാണെന്നും ലേയിങ് കൂട്ടിച്ചേർത്തു. ഫെബ്രുവരി ഒന്നിനാണ് മ്യാൻമറിൽ ആംങ് സാംങ് സൂ ചിയുടെ നേതൃത്വത്തിലുള്ള സർക്കാരിനെ അട്ടിമറിച്ച് സൈന്യം അധികാരം പിടിച്ചെടുത്തത്. ആറുമാസത്തിന് ശേഷം ടെലിവിഷനിലൂടെ ഇന്നലെയായിരുന്നു ലേയിങിന്റെ പുതിയ പ്രഖ്യാപനം. ആസിയാൻ സഹകരണത്തോടെ പ്രവർത്തിക്കാനും മ്യാൻമറിലെ ആസിയാന്റെ പ്രത്യേക സ്ഥാനപതിയുമായി ചർച്ച നടത്താനും തയ്യാറാണെന്ന് ലേയിങ് പറഞ്ഞു.

ആസിയാൻ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ യോഗം തിങ്കളാഴ്ച നടക്കും. മ്യാൻമറിലെ അക്രമങ്ങൾ അവസാനിപ്പിക്കാനും സൈനിക അധികാരികളുമായും എതിർപക്ഷവുമായും ചർച്ച നടത്തുന്നതിനായി സ്ഥാനപതിയെ യോഗത്തിൽ നിശ്ചയിച്ചേക്കും.

രാജ്യത്ത് അട്ടിമറിയിലൂടെ പട്ടാളം ഭരണം പിടിച്ചെടുത്തതിന് പിന്നാലെയുണ്ടായ ജനകീയ പ്രക്ഷോഭങ്ങളിൽ ആയിരത്തോളം പേരാണ് മരണമടഞ്ഞത്. പട്ടാളം മ്യാൻമറിൽ കടുത്ത മനുഷ്യാവകാശ ലംഘനം തുടർന്നതോടെ ലോക രാജ്യങ്ങൾക്കിടയിൽ രാജ്യം ഒറ്റപ്പെട്ട അവസ്ഥയിലാണ്. പട്ടാള അട്ടിമറിയെ അപലപിച്ച് യു.എസ്, യു.കെ, ഫ്രാൻസ്, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളും രംഗത്തെത്തിയിരുന്നു. ‌ഭരണം പിടിച്ച കരസേനാ മേധാവി കൂടിയായ മിൻ ആങ് ലെയ്ങ്ങിനെതിരെ 2019 ഡിസംബർ മുതൽ യുഎസ് ഉപരോധമുണ്ട്. ഇത് കൂടാതെ ബൈഡൻ ഭരണകൂടത്തിന്റേയും വിവിധ ലോകരാജ്യങ്ങളുടേയും ഉപരോധ ഭീഷണിയും നിലനില്ക്കുന്നുണ്ട്. ഇതോടെയാണ് രാജ്യാന്തര സമ്മർദ്ദത്തിന് വഴങ്ങി തിരഞ്ഞെടുപ്പ് എന്ന തീരുമാനത്തിലേക്ക് മ്യാൻമർ ഭരണകൂടം എത്തിയതെന്നാണ് വിവരം. കൊവിഡ് രൂക്ഷമായി പടർന്ന് പിടിച്ചു കൊണ്ടിരിക്കുന്ന മ്യാൻമറിൽ മെഡിക്കൽ സാമഗ്രികളുടെ ക്ഷാമവും ആരോഗ്യ പ്രവർത്തകരുടെ നിസഹരണവും സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുന്നു. കഴിഞ്ഞ നവംബറിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ച പട്ടാള ഭരണകൂടം 11 മില്യൺ കള്ളവോട്ടുകൾ കണ്ടെത്തിയതായും അതിനാൽ തിരഞ്ഞെടുപ്പ് ഫലം റാദ്ദാക്കുകയാണെന്നും കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു.

Advertisement
Advertisement