കാണ്ഡഹാർ വിമാനത്താവളത്തിന് നേരേ താലിബാൻ റോക്കറ്റാക്രമണം

Monday 02 August 2021 1:47 AM IST

കാബൂൾ: അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാർ വിമാനത്താവളത്തിന് നേരേ റോക്കറ്റ് ആക്രമണം. ശനിയാഴ്ച രാത്രിയോടെയുണ്ടായ ആക്രമണത്തിൽ ആളപായമില്ലെന്ന് എയർപോർട്ട് അധികൃതർ വ്യക്തമാക്കി. വിമാനത്താവളത്തിന് നേരെ വന്ന മൂന്ന് റോക്കറ്റുകളിൽ രണ്ടെണ്ണം റൺവേയിൽ പതിച്ചു. കാണ്ഡഹാർ മേഖലയിൽ അഫ്ഗാൻ സൈന്യവും താലിബാൻ പോരാളികളും തമ്മിലുള്ള പോരാട്ടം രൂക്ഷമായി തുടരുന്നതിനിടെ മേഖലയിൽ മേൽക്കൈ നേടുകയെന്ന ഉദ്ദേശത്തോടെ താലിബാനാണ് ആക്രമണം നടത്തിയതെന്നാണ് വിവരം.

ആക്രമണ സാദ്ധ്യത കണക്കിലെടുത്ത് വിമാനത്താവളത്തിലെ എല്ലാ വിമാന സർവീസുകളും റദ്ദാക്കിയതായി എയർപോർട്ട് മേധാവി മസൂദ് പാഷ്തുൻ വ്യക്തമാക്കി. വിമാനത്താവളത്തിന്റെ റൺവേയിൽ അറ്റകുറ്റപ്പണി നടക്കുകയാണെന്നും റൺവേ എത്രയും വേഗം പ്രവർത്തന സജ്ജമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. കാബൂൾ സിവിൽ ഏവിയേഷനും ആക്രമണവിവരം സ്ഥിരീകരിച്ചിട്ടുണ്ട്. കാണ്ഡഹാർ മേഖലയിൽ താലിബാനെതിരെ പോരാടുന്ന അഫ്ഗാൻ സൈന്യത്തിനുള്ള അവശ്യ സാധനങ്ങൾ എത്തിച്ച് നൽകുന്നത് കാണ്ഡഹാർ വിമാനത്താവളത്തിലൂടെയാണ്.

.