ആദിവാസികളും അന്യാധീനപ്പെട്ട ഭൂമിയും

Monday 02 August 2021 2:13 AM IST

പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി നടപ്പിലാക്കിയ 20 ഇന പരിപാടികളിലൊന്ന് ആദിവാസികളുടെ സംരക്ഷണമായിരുന്നു. അതിന്റെ വെളിച്ചത്തിൽ അച്ചുതമേനോൻ സർക്കാർ ആദിവാസികളെ സംരക്ഷിക്കുന്നതിനു വേണ്ടി അവരുടെ അന്യാധീനപ്പെട്ട ഭൂമി തിരികെയെടുത്ത് അവരെ പുനരധിവസിപ്പിക്കുന്നതിനും കൈവശഭൂമി അന്യാധീനപ്പെടാതിരിക്കുന്നതിനും, മറ്റും 1975ൽ 31-ാം നമ്പരായി ആദിവാസി ഭൂനിയമം പാസാക്കി.

കേരള നിയമസഭ രൂപീകൃതമായതിനുശേഷം ആദ്യമായാണ് ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചെടുക്കുന്ന, നിയമത്തെ കേരള നിയമസഭ ഏകകണ്ഠമായി അംഗീകരിച്ചത്. എന്നു മാത്രമല്ല, ഓരോ പാർട്ടി നേതാക്കന്മാരും ഈ നിയമത്തെ പ്രകീർത്തിച്ച് നടത്തിയ പ്രസംഗങ്ങൾ, നിയമസഭയുടെ രേഖകളിൽ ഇന്നും കാണാം.

പ്രസ്തുത നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച്, റവന്യൂ ഡിവിഷണൽ ഓഫീസർമാർ ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി ഒഴിപ്പിക്കാൻ ഉത്തരവ് നൽകുകയും അതിന്റെ വെളിച്ചത്തിൽ ബന്ധപ്പെട്ടവർ ഒഴിപ്പിക്കൽ നടപടി ആരംഭിച്ചപ്പോൾ പ്രസ്തുത നടപടി അനിശ്ചിതകാലത്തേക്ക്, സർക്കാർ സ്റ്റേ ചെയ്യുകയാണ് ചെയ്തത്.

അതിനെതിരെ ആദിവാസികൾ ഹൈക്കോടതിയിൽ പരാതി സമർപ്പിച്ചു. ആ പരാതി ഹൈക്കോടതി ഫുൾ ബെഞ്ച് പരിശോധിച്ചശേഷം 30 ദിവസത്തിനകം ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി ഒഴിപ്പിച്ച്, ആദിവാസികൾക്ക് നൽകാൻ ഹൈക്കോടതി ഫുൾബെഞ്ച് ഉത്തരവു നൽകി.

ആദിവാസികൾക്കു വേണ്ടി മുതലക്കണ്ണീരൊഴുക്കിയ ഭരണ - പ്രതിപക്ഷ ഉന്നതന്മാർ, ഒത്തൊരുമിച്ച് ഹൈക്കോടതി വിധി റദ്ദ് ചെയ്യിക്കുന്നതിന് സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ചു. അതോടൊപ്പം അവർ സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ ആദിവാസികളുടെ, അന്യാധീനപ്പെട്ട ഭൂമി ഒഴിപ്പിച്ചാൽ, കേരളം നിന്നുകത്തുമെന്നും, ക്രമസമാധാനം തകരുമെന്നും ആദിവാസികൾക്ക് അന്യാധീനപ്പെട്ട ഭൂമിക്കു പകരം ഭൂമി, കൊടുക്കുമെന്നുമാണ് സർക്കാർ സുപ്രീംകോടതിയെ അറിയിച്ചത്. പ്രസ്തുത വിവരങ്ങൾ കോടതി പരിശോധിച്ച്, ആദിവാസികൾക്ക് ഹൈക്കോടതി നൽകിയിരുന്ന ഫുൾ ബെഞ്ച് വിധി സുപ്രീംകോടതി റദ്ദുചെയ്യുകയായിരുന്നു. ആദ്യം ഭരണപക്ഷവും പ്രതിപക്ഷവും ഒത്തൊരുമിച്ച് പാസാക്കിയ ആദിവാസി ഭൂ നിയമം, അതേ രീതിയിൽത്തന്നെ അവർ ഒത്തൊരുമിച്ച് സുപ്രീംകോടതിയെക്കൊണ്ട് റദ്ദ് ചെയ്യിപ്പിച്ച്, ചരിത്രം സൃഷ്ടിക്കുകയാണ് ചെയ്തത്. അതിനുശേഷം ആദിവാസികൾക്ക് അന്യാധീനപ്പെട്ട ഭൂമിക്ക് പകരം ഭൂമി നൽകാനും മറ്റും 1999-ൽ 12/99 എന്ന നമ്പരിൽ, ഒരു ആദിവാസി ഭൂനിയമം കൂടി സർക്കാർ പാസാക്കി. അതിനുശേഷം 20 കൊല്ലം കഴിഞ്ഞിട്ടും ആർ.ഡി.ഒ മാരും കളക്ടർമാരും ആദിവാസികൾക്ക് നൽകിയിരുന്ന വിധികൾ മാനിച്ച് ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമിക്ക് പകരം ഭൂമി നൽകാൻ തയാറാകാത്തത് തികച്ചും കൃത്യവിലോപമാണ്.

എസ്. വിശ്വംഭരൻ

തുണ്ടത്തിൽ

Advertisement
Advertisement