തൃശ്ശൂരിൽ ട്രാഫിക് സിഗ്നലിന്റെ തൂണിൽ പിടിച്ച് സംവിധായകന്റെ നൃത്തം, ലഹരിയിൽ ആറാടിയത് മയക്കുമരുന്നിനെതിരെ ചിത്രമൊരുക്കിയയാൾ

Monday 02 August 2021 7:52 AM IST

തൃശ്ശൂർ: തൃശ്ശൂരിൽ ട്രാഫിക് സിഗ്നലിന്റെ തൂണിൽ പിടിച്ച് സംവിധായകന്റെ നൃത്തം. പുലർച്ചെ രണ്ട് മണിക്കായിരുന്നു ലഹരിയുടെ ഉന്മാദത്തിൽ ഇയാൾ നൃത്തം ചെയ‌്തത്. സംഭവത്തിൽ എറണാകുളം പള്ളിമുക്ക് സ്വദേശി വിഷ്ണുരാജിനെ പൊലീസ് അറസ്‌റ്റ് ചെ‌യ്‌തു.

സംഭവമിങ്ങനെ-

ഒരു കേസിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ട് ചാലക്കുടി ഡിവൈഎസ്പി സി.ആര്‍.സന്തോഷും സംഘവും കൊച്ചിയില്‍ നിന്ന് പുലര്‍ച്ചെ രണ്ടരയോടെ മടങ്ങുകയായിരുന്നു. ഇവരുടെ വാഹനം ചിറങ്ങര ജംക്‌ഷനില്‍ എത്തിയപ്പോള്‍ സര്‍വീസ് റോഡില്‍ ഒരു കാര്‍ നിര്‍ത്തിയിട്ടിരുന്നു. കാറിന്‍റെ മുന്നില്‍ ഒരാള്‍ നില്‍ക്കുന്നുണ്ട്. ട്രാഫിക് സിഗ്നലിന്‍റെ തൂണില്‍ പിടിച്ച് ഇയാൾ നൃത്തം ചെയ്യുന്നുണ്ടായിരുന്നു.

പൊലീസ് ഉദ്യോഗസ്ഥര്‍ കാറിന്‍റെ അടുത്തെത്തി കാര്യങ്ങള്‍ ചോദിച്ചു. കാറിനുള്ളില്‍ ഒരു യുവതിയെ കണ്ടു. മോഡലിംഗ് ആണ് ജോലിയെന്ന് പറഞ്ഞു. ഭര്‍ത്താവും ഒപ്പമുണ്ടായിരുന്നു. നൃത്തം ചെയ്തിരുന്നയാള്‍ വിഷ്ണുരാജായിരുന്നു. രണ്ടു ഹ്രസ്വചിത്രങ്ങള്‍ ലഹരിയ്ക്കെതിരെ സംവിധാനം ചെയ്തിട്ടുണ്ട് വിഷ്ണുരാജ്.

പുതിയ ഹൃസ്വചിത്ര നിർമാണവുമായി ബന്ധപ്പെട്ട് ഇരിങ്ങാലക്കുടയിലെ കഥാകൃത്തിന്‍റെ വീട്ടിലേക്കുള്ള വഴിയാണ് ലഹരി ഉപയോഗിച്ചതും നടുറോഡിൽ നൃത്തം ചെയ്തതും. ഇയാളുടെ വസ്ത്രത്തിനുള്ളില്‍നിന്ന് രണ്ടു ഗ്രാം മെത്തലിൻ ഡയോക്സി ആഫിറ്റാമിൻ (എംഡിഎംഎ) എന്ന ന്യൂജനറേഷൻ ലഹരി മരുന്ന് കണ്ടെത്തി. ലഹരിമരുന്ന് കിട്ടിയതോടെ വിഷ്ണുരാജിനെ കൊരട്ടി ഇന്‍സ്പെക്ടര്‍ ബി.കെ.അരുണും സംഘവും കസ്റ്റഡിയിലെടുത്തു. കാറും പിടിച്ചെടുത്തു.

മോഡലിനും ഭർത്താവിനും ലഹരി ഉപയോഗത്തില്‍ പങ്കില്ലാത്തതിനാല്‍ വിട്ടയച്ചു.