രാജ്യത്തെ പ്രതിദിന കൊവി‌ഡ് കണക്കിൽ പകുതിയും കേരളത്തിൽ നിന്ന്; ഇന്ന് ഇന്ത്യയിലെ രോഗികൾ 40,134, മരണം 422

Monday 02 August 2021 10:42 AM IST

ന്യൂഡൽഹി: രാജ്യത്ത് മറ്റിടങ്ങളിൽ കൊവിഡ് കുറയുമ്പോഴും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും മഹാരാഷ്‌ട്രയിലും രോഗവ്യാപനത്തിന് മാറ്റമില്ലാത്ത അവസ്ഥയാണ്. 40,134 പേ‌ർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. 422 മരണവും കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഇതോടെ 3.16 കോടിയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. രോഗമുക്തി നേടിയവർ ആകെ 3.08 കോടിയാണ്. നിലവിൽ രോഗം ബാധിച്ച് ചികിത്സയിലുള‌ളവർ 4,13,718 ആണ്. ആകെ മരണമടഞ്ഞവർ 4,24,773 ആണ്.

ഇന്നും പ്രതിദിന കൊവിഡ് കണക്കിൽ മുന്നിൽ കേരളം തന്നെയാണ്. ആകെ രോഗികളിൽ 49 ശതമാനവും കേരളത്തിൽ നിന്നാണ്. 20,728 പേ‌ർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഉത്തർപ്രദേശിൽ രോഗം സ്ഥിരീകരിച്ചത് വെറും 36 പേ‌ർക്ക് മാത്രമാണ്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 39,258 പേർ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ ആകെ 47.22 കോടി ഡോസ് വാക്‌സിൻ നൽകിയാതി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുന്നു.