'കലാകാരനായിരുന്നു എന്നതാണത്രെ ഇദ്ദേഹം ചെയ്ത കുറ്റം; ഇജ്ജാതി നായ്ക്കളുടെ കൂടെച്ചേരുവാനാണ് നമ്മുടെ കുട്ടികൾ രാജ്യം വിടുന്നത്', എന്തൊരു ദുരന്തമെന്ന് ജോയ് മാത്യു
അഫ്ഗാൻ ഹാസ്യനടൻ നസർ മുഹമ്മദിനെ താലിബാൻ ഭീകരർ വധിച്ച സംഭവത്തിൽ പ്രതികരിച്ച് നടൻ ജോയ് മാത്യു.താലിബാൻ ഭീകരരുടെ അവസാനത്തെ ഇരയാണ് നസർ മുഹമ്മദെന്നും, കലാകാരനായതാണ് ചെയ്ത തെറ്റെന്നും അദ്ദേഹം പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ജോയ് മാത്യുവിന്റെ പ്രതികരണം.രണ്ട് തോക്ക്ധാരികൾ വന്ന് നസർ മുഹമ്മദിനെ കാറിലിരുത്തി കൊണ്ടുപോകുന്ന ചിത്രവും ജോയ് മാത്യു ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. ജൂലായ് 27നാണ് ഖാസ സ്വാൻ എന്നറിയപ്പെടുന്ന നസർ മുഹമ്മദ് കൊല്ലപ്പെട്ടത്. നേരത്തെ നടൻ ഹരീഷ് പേരടി, സംവിധായകൻ വിനയൻ ഉൾപ്പടെയുള്ളവർ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ച് രംഗത്തെത്തിയിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ഖാസാ സ്വാൻ എന്ന നസർ മുഹമ്മദ്
എന്ന ഇറാനിയൻ നടൻ
താലിബാൻ ഭീകരതയുടെ അവസാനത്തെ ഇര -കഴുത്തറുത്ത് കൊന്നു കെട്ടിത്തൂക്കി കൊന്നിട്ടും മൃതശരീരത്തിലേക്ക് വെടിയുണ്ടകൾ പായിച്ചു ഹരം കൊള്ളുന്നവരെ എന്താണ് വിളിക്കേണ്ടത് !
കലാകാരനായിരുന്നു എന്നതാണത്രെ ഇദ്ദേഹം ചെയ്ത കുറ്റം -
ഇജ്ജാതി നായ്ക്കളുടെ കൂടെച്ചേരുവാനാണ് നമ്മുടെ കുട്ടികൾ രാജ്യം വിടുന്നത് -എന്തൊരു ദുരന്തം !