കൊട്ടിയൂർ പീഡനക്കേസിൽ റോബിൻ വടക്കുംചേരിക്ക് ജാമ്യമില്ല, ഇരയുടെ ഹർജിയും തള്ളി

Monday 02 August 2021 12:59 PM IST

ന്യൂഡൽഹി: കൊട്ടിയൂർ പീഡന കേസിൽ ശിക്ഷ അനുഭവിക്കുന്ന മുൻ വൈദികൻ റോബിൻ വടക്കുംചേരി ഇരയായ പെൺകുട്ടിയെ വിവാഹം ചെയ്യാൻ ജാമ്യം അനുവദിക്കണമെന്ന് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. റോബിനെ വിവാഹം കഴിക്കണമെന്ന ഇരയുടെ ആവശ്യവും കോടതി നിരാകരിച്ചു.

റോബിൻ വടക്കുംചേരിയെ വിവാഹം ചെയ്യാൻ അനുമതി തേടി പെൺകുട്ടിയും കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്. രണ്ട് ഹർജികളും ജസ്റ്റിസ്‌മാരായ വിനീത് ശരൺ, ദിനേശ് മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ചാണ് ഇന്ന് പരിഗണിച്ചത്.

വിവാഹത്തിനായി ജാമ്യം തേടി റോബിൻ വടക്കുംചേരി സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ജാമ്യം അനുവദിക്കുന്നത് വിവാഹത്തിന് നേരിട്ടോ അല്ലാതെയോ നിയമാനുമതി നൽകുന്നത് പോലെയാകും. അതിനാൽ, ഈ വിഷയത്തിൽ അഭിപ്രായം രേഖപ്പെടുത്താതെ അകന്നു നിൽക്കുയാണെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. ഇതിനെതിരെയാണ് റോബിൻ വടക്കുംചേരി സുപ്രീം കോടതിയെ സമീപിച്ചത്. നാല് വയസുള്ള മകനെ സ്‌കൂളിൽ ചേർക്കുമ്പോൾ അച്ഛന്റെ പേര് രേഖപ്പെടുത്താൻ വിവാഹം അനിവാര്യമാണെന്ന് വ്യക്തമാക്കിയാണ് പെൺകുട്ടി സുപ്രീം കോടതിയെ സമീപിച്ചത്.

2016 ലാണ് കേസിനാസ്‌പദമായ സംഭവം. കൊട്ടിയൂർ നീണ്ടുനോക്കി സെയിന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ആയിരുന്ന റോബിൻ വടക്കുംചേരി പള്ളിമേടയിൽ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്നാണ് കേസ്. റോബിൻ വടക്കുംചേരിക്ക് മൂന്ന് വകുപ്പുകളിലായി അറുപത് വർഷത്തെ കഠിനതടവാണ് തലശേരി പോക്‌സോ കോടതി വിധിച്ചത്. മൂന്ന് ശിക്ഷയും ഒരുമിച്ച് 20 വർഷത്തെ കഠിന തടവ് അനുഭവിച്ചാൽ മതി. 2017 ഫെബ്രുവരിയിൽ പെൺകുട്ടി ഒരു ആൺകുഞ്ഞിന് ജന്മം നൽകിയിരുന്നു.

Advertisement
Advertisement