ദേവികയുടെ പുത്രന്റെ പിതൃത്വവും എന്റെ ചുമലിൽ ചാർത്തി, എനിക്കവരുമായി ഒരു ബന്ധവും ഇല്ല; പ്രതികരിച്ച് രാജീവ് ഗോവിന്ദൻ

Monday 02 August 2021 2:19 PM IST

നടനും എംഎൽഎയുമായ മുകേഷും മേതിൽ ദേവികയും വിവാഹ മോചിതരാകുന്നുവെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ നിർമാതാവ് രാജീവ് ഗോവിന്ദന്റെ ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. കാരണം എന്താണെന്നല്ലേ? ദേവികയുടെ മുൻ ഭർത്താവ് രാജീവ് നായർ താങ്കളാണോ എന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞ് മടുത്തിരിക്കുകയാണ് അദ്ദേഹം.

ഇപ്പോഴിതാ താനുമായി ബന്ധപ്പെട്ട് വന്നുകൊണ്ടിരിക്കുന്ന വ്യാജ വാർത്തകളോട് ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരിക്കുകയാണ് രാജീവ്.ദേവികയുടെ പുത്രന്റെ പിതൃത്വം തന്റെ ചുമലിൽ ചാർത്തി, അവരുടെ ഭർത്താവ് താനല്ലെന്നും അദ്ദേഹം പ്രതികരിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ആ രാജീവ് നായർ ഞാനല്ല...

മേതിൽ ദേവികയുടെ മുൻ ഭർത്താവ് രാജീവ് നായർ താങ്കളാണോ എന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞു മടുത്തു. 'ലൗവ് റീൽസ്' എന്നൊരു ഓൺലൈൻ മാധ്യമം ഈ വാർത്ത ഏറ്റെടുത്തതോടെയാണ് ജീവിതത്തിലെ അപ്രതീക്ഷിതമായ ചില അദ്ധ്യായങ്ങളുടെ തുടക്കം. ആദ്യം തന്നെ പറയട്ടെ, ദേവികയുടെ ഭർത്താവായിരുന്ന രാജീവ് നായർ ഞാനല്ല.

എനിക്കവരുമായി ഒരു ബന്ധവും ഇല്ല. യാതൊരു അന്വേഷണവും നടത്താതെ എന്നെയും എൻ്റെ കവിതകളെയും മേതിൽ ദേവികയ്ക്ക് ചാർത്തി നൽകി. ഭാവനാസമ്പന്നമായ കഥകൾ ചമച്ചു. എന്ത് മാധ്യമ പ്രവർത്തനമാണിത്? അടിസ്ഥാനരഹിതമായ ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ തന്നെയാണ് തീരുമാനം.

ഞാനാണെന്ന് കൃത്യമായി തിരിച്ചറിയാൻ എൻ്റെ ചിത്രങ്ങളും ഗാനങ്ങളും പുസ്തകവുമൊക്കെ അതിൽ വലിച്ചിഴച്ചു. ദേവികയുടെ പുത്രൻ്റെ പിതൃത്വവും എൻ്റെ ചുമലിൽ ചാർത്തി.

എങ്ങനെയാണ് ഞാനാണ് ദേവികയുടെ ആദ്യ ഭർത്താവെന്ന നിഗമനത്തിലേക്ക് ഇവരെത്തിയതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. ലോകത്തെ എല്ലാ 'രാജീവ് 'മാരും ഒന്നല്ല.

വാർത്ത സൃഷ്ടിച്ചവരും പ്രചരിപ്പിച്ചവരും തെറ്റുകാർ തന്നെയാണ്. എന്നെ അപമാനിക്കുന്ന തരത്തിൽ പ്രചരിപ്പിക്കുന്ന വീഡിയോ ലൗറീൽസ് പിൻവലിക്കുക. നിയമ നടപടികൾ ആരംഭിച്ചു കഴിഞ്ഞു.

രാജീവ് ഗോവിന്ദൻ

Advertisement
Advertisement