പന്നികൾക്ക് വേണ്ടി ഹോട്ടലുകൾ നിർമ്മിച്ച് ചൈന; 13 നിലകളിലായി ആധുനിക സൗകര്യങ്ങളോടെ രോഗമേൽക്കാതെ സുഖമായി കഴിയുന്നത് പതിനായിരങ്ങൾ

Monday 02 August 2021 3:25 PM IST

ബീജിംഗ്: മനുഷ്യ‌ർ കൊവിഡ് വന്ന് മരിക്കുകയും ഇന്നേവരെ ലോകത്തൊന്നും കാണാത്ത വൈറസ് രോഗങ്ങൾ മനുഷ്യരിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്നുണ്ട് ചൈനയിൽ. എന്നാൽ ഈ പ്രശ്‌നങ്ങളുള‌ള സമയത്തും സുഖമായി ചൈനയിൽ കഴിയുന്ന ഒരു വിഭാഗം ജന്തുക്കളുണ്ട്. വളർത്ത് പന്നികൾ.

രോഗമോ പ്രശ്‌നങ്ങളോ ഉണ്ടാകാത്ത പ്രത്യേക ആധുനിക സൗകര്യമുള‌ള ബഹുനില കെട്ടിടങ്ങളിലാണ് പതിനായിരക്കണക്കിന് പന്നികളെ പാർപ്പിച്ചിരിക്കുന്നത്. ഇവിടേക്ക് കടക്കുന്നത് അത്ര എളുപ്പമുള‌ള കാര്യമല്ല. പ്രവേശനം കർശനമായി വിലക്കിയിരിക്കുകയാണ്. സെക്യൂരിറ്റി ക്യാമറകൾ, കെട്ടിടത്തിൽ തന്നെ ഡോക്‌ടർമാരുടെ സേവനം, ശ്രദ്ധാപൂർവം തയ്യാറാക്കിയ ഭക്ഷണം എന്നിവയാണ് ഇവിടെയുള‌ള സൗകര്യങ്ങൾ.

എന്തിനാണ് പന്നികൾക്ക് ഇത്രയധികം ശ്രദ്ധ എന്ന് ചോദിക്കുന്നതിന് ഒരുത്തരമാണുള‌ളത്. ചൈനയിലെ പ്രധാന മാംസ വിപണിയിലെ താരം പന്നിയാണ്. അവയ്‌ക്ക് രോഗമുണ്ടാകാതെ ഭദ്രമായി ആവശ്യക്കാരന് എത്തിക്കാനാണിത്. കൊവി‌‌ഡ് ചൈനയിൽ റിപ്പോർട്ട് ചെയ്യുന്നതിന് രണ്ട് വർഷംമുൻപ് ഇവിടെ പടർന്നുപിടിച്ച പന്നിപനി രാജ്യത്തെ പകുതിയോളം പന്നികളെ കൊന്നൊടുക്കി.

ഇതോടെയാണ് ആധുനിക സജ്ജീകരണത്തോടെ 'പന്നി ഹോട്ടലുകൾ' തുടങ്ങാൻ ചൈന തീരുമാനിച്ചത്. യൂറോപ്പിലും അമേരിക്കയിലുമുള‌ള ഇതേ സംവിധാനങ്ങളെ അനുകരിക്കുകയാണ് ചൈന ചെയ്യുന്നത്. ഇതുവഴി രണ്ട് വർഷം മുൻപ് നഷ്‌ടമായത്ര പന്നികളെ ഉൽപാദിപ്പിച്ച് ഈ രംഗത്ത് തിരിച്ചുവരാൻ ചൈനക്കായി. ഈ രംഗത്തെ വലിയ കമ്പനികൾ വ്യാപകമായി ഇത്തരം 'പന്നി ഹോട്ടലുകൾ' നിർമ്മിക്കുകയാണ്.

ന്യൂഹോപ്പ് ഗ്രൂപ്പിന്റെ ഇത്തരമൊരു ഹോട്ടൽ 20 ഫുട്ബോൾ സ്റ്റേഡിയത്തിന്റെ വലുപ്പമുള‌ളതും 1.5 മില്യൺ ചതുരശ്രയടിയുള‌ളതുമാണ്. ഇവിടെ 1,20,000 പന്നികളെ പ്രതിവർഷം ഉൽപാദിപ്പിക്കാനാകും. പന്നികളെ നിരീക്ഷിക്കാൻ റോബോട്ടുകളുണ്ട്. ഇവ പന്നികളിലെ വായുനില, പനി, ഭക്ഷണം, വൃത്തിയാക്കുക എന്നിവ നി‌ർവഹിക്കും.