മുംബയ് വിമാനത്താവളത്തിന്റെ പേര് മാറ്റി അദാനി, ശിവസേന പ്രവർത്തകരുടെ ചൂട് വൈകാതെ അറിഞ്ഞു

Monday 02 August 2021 4:09 PM IST

മുംബയ്: മുംബയ് വിമാനത്താവളത്തിന്റെ പേര് മാറ്റികൊണ്ട് പുതുതായി സ്ഥാപിച്ച ബോർഡ് ശിവസേന പ്രവർത്തകർ പൊളിച്ചു മാറ്റി. മുംബയ് വിമാനത്താവളത്തിന്റെ ഛത്രപതി ശിവജി മഹാരാജ് വിമാനത്താവളം എന്ന പേര് മാറ്റി അദാനി എയർപോർട്ട് എന്ന പേര് ഇടുന്നതിനെതിരെ ഏറെ നാളുകകളായി ശിവസേന പ്രവർത്തകർ പ്രക്ഷോഭത്തിലായിരുന്നു. വിമാനത്താവളത്തിലേക്ക് അതിക്രമിച്ചു കയറിയ ശിവസേന പ്രവ‌ത്തകർ വിമാനത്താവളത്തിനു മുമ്പിൽ വച്ചിരുന്ന ബോർഡാണ് നശിപ്പിച്ചത്.

നേരത്തെ ജി വി കെ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലായിരുന്ന വിമാനത്താവളം കഴിഞ്ഞ മാസമാണ് അദാനി ഗ്രൂപ്പ് ഏറ്റെടുത്തത്. നിലവിൽ വിമാനത്താവളത്തിന്റെ 74 ശതമാനം ഓഹരികളും അദാനി ഗ്രൂപ്പാണ് കൈകാര്യം ചെയ്യുന്നത്. ഇതിൽ 50 ശതമാനം ഓഹരികൾ മുൻ ഉടമസ്ഥരായ ജി വി കെ ഗ്രൂപ്പിൽ നിന്നും ബാക്കി വരുന്ന 24 ശതമാനം ഓഹരികൾ മറ്റ് ചെറുകിടക്കാരിൽ നിന്നും വാങ്ങിയതാണ്.