ആ​രെ​യും​ ​അ​നു​ക​രി​ക്കാ​ത്ത​ സ്വരം

Tuesday 03 August 2021 6:20 AM IST

കല്യാണിമേനോൻ വിടവാങ്ങുന്നത് 80-ാം പിറന്നാൾ ആഘോഷിച്ച് ഒരുമാസം മാത്രം പിന്നിടുമ്പോൾ

എന്നും വിസ്മയിപ്പിച്ച സ്വരംഭംഗി. അതാണ് കല്യാണിമേനോൻ എന്ന ഗായികയുടെ പാട്ടുമികവ്. 96 എന്ന തമിഴ് ചിത്രത്തിൽ മനോഹരമായ പ്രണയഗാനം പാടാൻ സംഗീത സംവിധായകൻ ഗോവിന്ദ് മേനോൻ വിളിക്കുമ്പോൾ കല്യാണിമേനോന് വയസ് 76. വഴിപിരിഞ്ഞ പ്രണയത്തിന്റെ ആഴവും നോവും നിറഞ്ഞ പാട്ട് ഹിറ്റാക്കിയ കല്യാണിമേനോൻ വിടവാങ്ങുന്നത് 80-ാം പിറന്നാൾ ആഘോഷിച്ച് ഒരുമാസം മാത്രം പിന്നിടുമ്പോൾ.

ഋതുഭേദകല്പന ചാരുത നൽകി, പവനരച്ചെഴുതുന്നു, ജലശയ്യയിൽ കുളിരമ്പിളി തുടങ്ങിയ ഗാനങ്ങൾ എത്രവർഷം കഴിഞ്ഞാലും മലയാളി മറക്കില്ല. സംഗീതം തന്റെ ഒപ്പം എപ്പോഴും ഉണ്ടെന്ന് കല്യാണിമേനോൻ ഉറച്ചു വിശ്വസിച്ചു. നാവിൽ സദാ നാമങ്ങളും കീർത്തനങ്ങളും ഗാനങ്ങളും . ഇളയരാജയുടെ സംഗീതത്തിൽ നല്ലത് ഒരു കുടുംബം എന്ന ചിത്രത്തിലാണ് തമിഴിൽ ആദ്യമായി പാടുന്നത്. ചൊവ്വാനമേ പൊൻ മേഘമേ എന്നതാണ് പാട്ട് .എന്നാൽ എം.എസ്. വിശ്വനാഥന്റെ സുജാതയിലെ നീ വരുവായനെ നാനിരുന്തേൻ എന്ന പാട്ടാണ് തമിഴിൽ ഉയർത്തിയത്. ഇൗ പാട്ടോടെ തമിഴ് പ്രേക്ഷകർ കല്യാണിമേനോനെ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഗംഗൈ അമരന്റെ സംഗീതത്തിൽ വാഴ്‌വേമായം എന്ന ചിത്രത്തിൽ പാടിയ ഡപ്പാം കൂത്ത് പാട്ടും ഹിറ്റായി മാറി

മലയാളത്തിൽ അബലയാണ് ആദ്യ ചിത്രം. ദ്വീപ്, തച്ചോളി മരുമകൻ ചന്തു, മകം പിറന്ന മങ്ക, സീതാസ്വയംവരം , തേരോട്ടം, കതിർമണ്ഡപം, കേൾക്കാത്ത ശബ്ദം, മൈലാഞ്ചി, പൗരുഷം, നിരപരാധി, പൂമഴ, പൂച്ചയ്ക്കൊരു മൂക്കുത്തി, മീശമാധവൻ, മംഗളം നേരുന്നു, മുല്ലവള്ളിയും തേൻമാവും, പ്രണയകാലം തുടങ്ങിയ ചിത്രങ്ങൾ.

ചേർത്തല ശിവരാമൻ നായരുടെ കീഴിൽ കല്യാണിമേനോൻ സംഗീതം പഠിക്കുമ്പോൾ യേശുദാസും അവിടെ പഠിക്കുന്നുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ ക്ളാസ്. വർഷങ്ങൾ കഴിഞ്ഞു യേശുദാസിനൊപ്പം കുറെ പാട്ടുകൾ പാടിയപ്പോൾ ആ കാലം ഒാർത്തു കല്യാണി മേനോൻ. ദക്ഷിണാമൂർത്തിയുടെ സംഗീതത്തിൽ ഭക്തിഗാനം നാരായണീയം പാട്ട് ജീവിതത്തിൽ ഏറെ സംതൃപ്‌തിയാണ് സമ്മാനിച്ചത്. മുതിർന്ന സംഗീത സംവിധായകർക്കൊപ്പം പാടുമ്പോഴുണ്ടായിരുന്ന ഭയം മാറ്റിയത് എ.ആർ. റഹ്‌മാനാണെന്ന് കല്യാണിമേനോൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ആരെയും അനുകരിക്കാത്ത ശബ്ദമാണ് കല്യാണിമേനോന്റെ പ്രത്യേകത.ഭക്തിഗാനരംഗത്ത് പി. ലീലയ്ക്ക് ശേഷം എത്തിയ മുടിചൂടാമന്നി എന്ന വിശേഷണമുണ്ട് കല്യാണി മേനോന്. എല്ലാം ഇൗശ്വര നിശ്ചയമായാണ് കണ്ടത്. പാട്ടുകൾ എല്ലാം പ്രശസ്തമായെങ്കിലും മലയാളികൾ തന്നെ ഒാർക്കാറുണ്ടോ എന്ന് പലപ്പോഴും കല്യാണിമേനോന് തോന്നിയിട്ടുണ്ട്. അപ്പോൾ കടുത്ത ദുഃഖം തോന്നും. സംവിധായകനും ഛായാഗ്രാഹകനുമായ മൂത്ത മകൻ രാജീവ് മേനോന്റെ സിനിമയിൽ പാടാൻ മാത്രം കഴിയാതെ പോയി. കണ്ടുകൊണ്ടേൻ കണ്ടു കൊണ്ടേൻ സിനിമയിൽ ഐശ്വര്യറായിക്ക് പാട്ടു പറഞ്ഞുകൊടുക്കുന്ന രംഗം മകൻ ചിത്രീകരിച്ചിട്ടുണ്ട്. അപ്പോൾ അമ്മ മകനോട് പറഞ്ഞു: എനിക്ക് അഭിനയിക്കാൻ അറിയില്ല.

എവർഗ്രീൻ ഹിറ്റ്സ്

1 ഋതുഭേദ കല്പന - മംഗളം നേരുന്നു

2 പവനരച്ചെഴുതുന്നു - വിയറ്റ്‌നാം കോളനി

3 ഉണ്ണികണ്ണാവാവാ - കാക്കക്കുയിൽ

4 അലൈ പായുതേ - അലൈ പായുതേ

5 ഹേ രാജാവേ - വാഴ്‌വേമായം (തമിഴ്)

6 നീ വരുവായനെ നാനിരുന്തേൻ - സുജാത

7 നാൻ ഇരവിലെഴുതും കവിതൈ - പ്രേമാഭിഷേകം

8കാതലേ കാതലേ - 96

9 കണ്ണനാമുണ്ണിയെ കാണുമാറാകണം - ടി.ഡി. ദാസൻ സ്റ്റാൻഡേർഡ് സിക്‌സ്‌ത് ബി

10 കാമിനീ മണീ സഖി - സ്വപാനം

Advertisement
Advertisement