റേഷൻ വ്യാപാരികളോട് ചിറ്റമ്മനയമെന്ന്, ന്യായമായ ആവശ്യങ്ങളോട് പുറം തിരിക്കുന്നതായി ആക്ഷേപം

Tuesday 03 August 2021 1:23 AM IST

തൃശുർ: വിവിധ ആവശ്യങ്ങളുമായി റേഷൻ വ്യാപാരികൾ സർക്കാരിന് മുന്നിൽ. കൊവിഡിനെ തുടർന്ന് സർക്കാർ റേഷൻ കാർഡുടമകൾക്ക് നൽകുന്ന കിറ്റിന് കടയുടമകൾക്ക് നൽകാമെന്ന് പറഞ്ഞിരുന്ന കമ്മീഷൻ പത്ത് മാസമായിട്ടും നൽകാത്തതിനെതിരെ പ്രതിഷേധവുമായാണ് റേഷൻ വ്യാപാരികൾ രംഗത്തെത്തിയിരിക്കുന്നത്.

തുടക്കത്തിൽ കിറ്റിൽ ഒരു കിലോവിന് 1.80 പൈസ നൽകാമെന്നായിരുന്നു ധാരണയെങ്കിലും പിന്നീട് അത് ഏഴു രൂപയായി നിശ്ചയിക്കുകയായിരുന്നുവെന്ന് വ്യാപാരികൾ പറഞ്ഞു. എന്നാൽ അത് ആദ്യ മാസം മാത്രമാണ് ലഭിച്ചത്. പിന്നീട് അഞ്ച് രൂപയായി കുറച്ചു. അത് രണ്ടാം മാസം നൽകി. എന്നാൽ പിന്നീട് നാളിതുവരെയായിട്ടും കമ്മീഷൻ തുക നൽകിയിട്ടില്ലെന്നും റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. കേരളത്തിൽ ഇതുവരെ വ്യാപാരികളും സെയിൽസ്മാൻമാരുമായി 50 പേർ മരിച്ചു. ഇവർക്ക് സർക്കാരിൽ നിന്ന് യാതൊരു വിധ സഹായവും ലഭിച്ചിട്ടില്ല. പകർച്ചവ്യാധികൾ കൂടുതൽ വരാൻ സാദ്ധ്യതയുള്ളവരായിട്ട് പോലും ആരോഗ്യ ഇൻഷ്വറൻസ് പരിരക്ഷ പോലും ഇല്ലെന്നും ഇവർ പറയുന്നു. സെർവർ തകരാർ വ്യാപാരികളെയും കാർഡ് ഉടമകളെയും ഏറെ വലയ്ക്കുകയാണ്. കഴിഞ്ഞ മാസം മൂന്നു ദിവസമാണ് പൂർണ്ണമായി സർവർ തകരാർ മൂലം റേഷൻ വിതരണം തടസപ്പെട്ടത്. ഒരോ മാസത്തേക്കുമുള്ള റേഷൻ സാധനങ്ങൾ ഒരുമിച്ചെത്തിക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നുള്ള ആവശ്യവും ഉയരുന്നുണ്ട്.

കേന്ദ്ര സർക്കാരിന്റെ അരി കൃത്യമായി നൽകുന്നില്ല

കൊവിഡിനെ തുടർന്ന് ദുരിതനുഭവിക്കുന്ന മുൻഗണനാ വിഭാഗത്തിൽപ്പെട്ടവർക്ക് കേന്ദ്രസർക്കാർ നൽകുന്ന സൗജന്യ റേഷൻ, റേഷൻ കടകളിൽ എത്തിക്കാൻ വൈകുന്നതായി വ്യാപാരികൾ ആരോപിച്ചു. ഭൂരിഭാഗം കടകളിലും 25ന് ശേഷം മാത്രമാണ് അരി ലഭിക്കുന്നത്. ഇതുമൂലം പലർക്കും ഇത് നഷ്ടമാകുന്നുണ്ട്. എഫ്.സി.ഐ ഗോഡൗണുകളിൽ വരുന്ന മാസങ്ങളിലേക്ക് വരെയുള്ള റേഷൻ സാധനങ്ങൾ സ്‌റ്റോക്കുള്ളപ്പോഴാണ് കടകളിൽ എത്തിക്കാൻ അലംഭാവം കാണിക്കുന്നത്. യഥാർത്ഥ അളവിൽ എൻ.എഫ്.എസ്.എ ഗോഡൗണുകളിൽ നിന്ന് റേഷൻ കടകളിലെത്തിക്കുന്നതിന് കൃത്യമായി സാധിക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

ഒറ്റ അടവ് രീതി വേണം

റേഷൻ സാധനങ്ങളുടെ പണമടയ്ക്കുന്ന ഇട്രഷറി സംവിധാനത്തിൽ ആട്ട, പഞ്ചസാര എന്നിവ കൂടി ഉൾപ്പെടുത്തി ഒറ്റ അടവ് രീതി നടപ്പാക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. നിലവിൽ ആട്ടയുടെയും പഞ്ചസാരയുടെയും തുക ഫെഡറൽ ബാങ്കിലും അരിയുടെ തുക ഇട്രഷറി വഴി ഓൺലൈനുമായാണ് അടക്കുന്നത്.


റേഷൻ വ്യാപാരികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് നിരവധി തവണ ഭക്ഷ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടും അനുകൂലമായ നടപടികൾ ഉണ്ടാകുന്നില്ല. വേതന പാക്കേജ് പുതുക്കണമെന്നാവശ്യവും അംഗീകരിക്കുന്നില്ല.
ജോണി നെല്ലൂർ, സംസ്ഥാന പ്രസിഡന്റ് റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോ.

Advertisement
Advertisement