വ്യാജപ്രചരണം: അന്വേഷണം തുടങ്ങി

Tuesday 03 August 2021 12:29 AM IST

ആലപ്പുഴ: കൊവിഡ് വാക്സിൻ സ്വീകരിക്കുന്നവർ ചിക്കൻ കഴിക്കരുതെന്നും, 14 ദിവസം വീട്ടിൽ തയ്യാറാക്കുന്ന ഭക്ഷണം മാത്രമേ കഴിക്കാവൂ എന്ന തരത്തിലും വാട്സാപ്പ് സന്ദേശം പ്രചരിപ്പിച്ചതിന് വള്ളികുന്നം സ്റ്റേഷൻ പരിധിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആരോഗ്യവകുപ്പ് സ്പെഷ്യൽ ഡയറക്ടർ ഗംഗാദത്തൻ എന്ന പേരിലാണ് സന്ദേശം പ്രചരിക്കുന്നത്. എന്നാൽ ആരോഗ്യവകുപ്പിൽ ഇത്തരമൊരു തസ്തിക ഇല്ലെന്നും സന്ദേശത്തിൽ പറയുന്ന കാര്യങ്ങൾ അടിസ്ഥാനരഹിതമാണെന്നും പൊലീസ് പറഞ്ഞു. കൊവിഡ് വാക്സിനേഷൻ സംബന്ധിച്ചുള്ള വ്യാജ പ്രചരണങ്ങൾക്കെതിരെ നിയമനടപടികൾ കർശനമാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് പറഞ്ഞു. വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവരെ നിരീക്ഷിച്ച് അനുബന്ധ ഉപകരണങ്ങൾ അടക്കം കസ്റ്റഡിയിൽ എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.