ജീപ്പ് മോഷ്ടിച്ച സംഘം അകത്തായി, വാഹനം മോഷ്ടിച്ചത് കഞ്ചാവ് കടത്താൻ
വിതുര: വിതുര പഞ്ചായത്തിലെ ആനപ്പാറ മുല്ലച്ചിറ ജംഗ്ഷനു സമീപം വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ജീപ്പ് രാത്രിയിൽ മോഷ്ടിച്ച് കടത്തിയ കേസിലെ നാല് പ്രതികളിൽ മൂന്ന് പേരെ പൊലീസ് പിടികൂടി. പാലോട് പെരിങ്ങമ്മല ഞാറനീലി മണ്ണാംതല വിജയഭവനിൽ വിജയകുമാർ (45), ആലപ്പുഴ അമ്പലപ്പുഴ വണ്ടാനം കാട്ടുംപുറംവേലി വീട്ടിൽ ഫിറോസ് 35), ആലപ്പുഴ പുളിങ്കുന്ന് കായൽപ്പുറം പാലത്തറ വീട്ടിൽ ബാബുരാജ് (40) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ ആലപ്പുഴ സ്വദേശി സുമേഷ് ജീപ്പുമായി കർണാടകയിലേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ആനപ്പാറ സ്കൂൾ ജംഗ്ഷനിൽ താമസിക്കുന്ന തങ്കച്ചൻ നാടാരുടെ ജീപ്പാണ് മോഷണം പോയത്. കഴിഞ്ഞ മാസം 21നായിരുന്നു സംഭവം. തേവിയോട് സ്വദേശിയായ സ്ത്രീയുമായുണ്ടായിരുന്ന അടുപ്പം മൂലം സ്ഥലപരിചയമുണ്ടായിരുന്ന വിജയകുമാറാണ് മോഷണം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന സി.സി ടിവി കാമറയിൽ പതിയാതെ ഇടവഴിയിലൂടെ ജീപ്പുമായി കടന്ന് പാലോട് ചിപ്പൻചിറയിലെത്തി അവിടെനിന്ന് തെങ്കാശിപ്പാതയിലൂടെ കൊല്ലത്തുള്ള മറ്റു പ്രതികൾക്കു കൈമാറുകയായിരുന്നു. നെടുമങ്ങാട് ഡിവൈ.എസ്.പി. അനിൽകുമാർ, വിതുര സി.ഐ എസ്. ശ്രീജിത്ത്, എസ്.ഐ എസ്.എൽ. സുധീഷ്, സി.പി.ഒമാരായ വിജയൻ, ഷിബു, നിതിൻ, ജവാദ് എന്നിവർ ഉൾപ്പെട്ട അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ജയിലിൽ വച്ച് പരിചയം ജയിലിൽ വെച്ചാണ് പ്രതികൾ പരിചയപ്പെടുന്നത്. തുടർന്ന് പുറത്തിറങ്ങിയശേഷം സംസ്ഥാന അതിർത്തി വഴി കഞ്ചാവ്, സ്പിരിറ്റ് തുടങ്ങിയവ കടത്താൻ പദ്ധതിയിട്ടു. ഇതിനാണ് ജീപ്പ് മോഷണം നടത്തിയത്. കഞ്ചാവ് കടത്താൻ വയനാട്ടിലെത്തി സ്പിരിറ്റ് കടത്തുന്നതിനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനിടെ വിജയനാണ് ആദ്യം പൊലീസിന്റെ പിടിയിലായത്. പിടിയിലായവർ അനവധി കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.
|