മുംബയ് വിമാനത്താവളത്തിലെ 'അദാനി' ബോർഡുകൾ പൊളിച്ചുനീക്കി ശിവസേന

Tuesday 03 August 2021 12:00 AM IST

മുംബയ്: മുംബയ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്ഥാപിച്ചിരുന്ന അദാനി ഗ്രൂപ്പിന്റെ ബോർഡുകൾ ശിവസേന പ്രവർത്തകർ പൊളിച്ചുനീക്കി. വിമാനത്താവളത്തിന്റെ പേര് ഛത്രപതി ശിവജി മഹാരാജ് വിമാനത്താവളം എന്നാണെന്നും അത് മാറ്റാൻ അദാനി ഗ്രൂപ്പിന് അധികാരമില്ലെന്നും ശിവസേന വ്യക്തമാക്കി.

ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ഗ്രൂപ്പ് മുംബയ് വിമാനത്താവളത്തിന്റെ നടത്തിപ്പ് ഏറ്റെടുത്തതിന് പിന്നാലെയാണ് 'അദാനി വിമാനത്താവളം' എന്ന ബോർഡുകൾ സ്ഥാപിച്ചത്. വിമാനത്താവളത്തിലെ വി.ഐ.പി ഗേറ്റിനരികെയാണ് ബോർഡ് സ്ഥാപിച്ചിരുന്നത്.

അതിനിടെ, എയർപോർട്സ് അതോറിറ്റി ഒഫ് ഇന്ത്യയുടെ മാർഗനിർദ്ദേശങ്ങൾ പാലിച്ചാണ് ബോർഡ് സ്ഥാപിച്ചതെന്നും ഛത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളം എന്ന പേര് മാറ്റാൻ ശ്രമിച്ചിട്ടില്ലെന്നും അദാനി എയർപോർട്സ് ഹോൾഡിംഗ് ലിമിറ്റഡ് വക്താവ് പ്രതികരിച്ചു.

എന്നാൽ അദാനി ഗ്രൂപ്പ് വിമാനത്താവളത്തിന്റെ നടത്തിപ്പ് ഏറ്റെടുത്തതിന് പിന്നാലെ പേര് മാറ്റി എന്ന പരാതി ലഭിച്ചതുകൊണ്ടാണ് ഈ ബോർഡ് നീക്കം ചെയ്തതെന്നാണ് ശിവസേനയുടെ വാദം.

Advertisement
Advertisement