നടത്തറയിൽ മാലിന്യ പ്ലാന്റ് സ്ഥാപിക്കൽ,​ സ്ഥലം സന്ദർശിക്കാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞു

Monday 02 August 2021 11:18 PM IST
നടത്തറയിൽ മാലിന്യ പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ സ്ഥലത്ത് തടിച്ചു കൂടിയ ജനങ്ങൾ

തൃശൂർ: നടത്തറ തോട്ടക്കാട്ടുകരയിൽ മാലിന്യ പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥലം പരിശോധിക്കാൻ എത്തിയ തഹസിൽദാരെയും കോർപറേഷൻ ഉദ്യോഗസ്ഥരെയും നാട്ടുകാരും കോൺഗ്രസ് പ്രവർത്തകരും ചേർന്ന് തടഞ്ഞു. ഇന്നലെ വൈകീട്ടാണ് സ്ഥലം സന്ദർശിക്കാൻ ഉദ്യോഗസ്ഥരെത്തിയത്. സംഭവമറിഞ്ഞ് പഞ്ചായത്ത് അംഗങ്ങൾ അടക്കമുള്ള നിരവധി പേർ സ്ഥലത്തെത്തിയിരുന്നു.

കോർപറേഷന്റെ നേതൃത്വത്തിലാണ് പ്ലാന്റ് സ്ഥാപിക്കാൻ നീക്കം നടത്തുന്നത്. ഇതിനായി ഡൽഹി ആസ്ഥാനമായുള്ള കൺസൾട്ടൻസി കമ്പനിയെ നിയമിച്ചിട്ടുണ്ട്. മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതി കൂടിയാണിത്.

അതേസമയം പ്ലാന്റ് ഇവിടെ സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് നേരത്തെ മന്ത്രി കെ. രാജൻ ഉറപ്പ് നൽകിയിരുന്നതായി കെ.പി.സി.സി സെക്രട്ടറി ഷാജി കോടങ്കണ്ടത്ത് പ്രസ്താവനയിൽ പറഞ്ഞു. ജീവനും സ്വത്തിനും ഭീഷണിയാവുകയും കുടിവെള്ളം മലിനമാകുകയും ചെയ്യുന്ന പ്ലാന്റുമായി മുന്നോട്ട് പോകാനുള്ള നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. ഭൂമി വാങ്ങുന്നതിന് ഉത്തരവിടും മുമ്പ് പാരിസ്ഥിതിക പഠനവും മലീനികരണ നിയന്ത്രണ ബോർഡും പരിശോധന നടത്തിയിട്ടില്ലെന്നും ആക്ഷേപമുണ്ട്. മാലിന്യ പ്ലാന്റ് സ്ഥാപിക്കുന്ന പ്രദേശത്തിനടുത്ത് രണ്ട് കോളനികൾ ഉണ്ടെന്നും പറയുന്നു.

Advertisement
Advertisement