ചക് ദേ, ചരിത്രവുമായി ഇന്ത്യൻ വനിതാ ഹോക്കി ടീം, ആസ്ട്രേലിയയെ അട്ടിമറിച്ചു, ചരിത്രത്തിലാദ്യമായി ഒളിമ്പിക്സിന്റെ സെമിഫൈനലിൽ

Monday 02 August 2021 11:25 PM IST

ടോക്യോ : ചരിത്രത്തിലാദ്യമായി ഒളിമ്പിക്സിന്റെ സെമിഫൈനലിലെത്തി ഇന്ത്യൻ വനിതാ ഹോക്കി ടീം. ലോക രണ്ടാം റാങ്കുകാരായ ആസ്ട്രേലിയൻ ടീമിനെ ക്വാർട്ടർ ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിന് അട്ടിമറിച്ചാണ് ഇന്ത്യൻ വനിതാരത്നങ്ങൾ പുരുഷ ടീമിന് പിന്നാലെ സ്വപ്നസമാനമായ സെമിപ്രവേശനം നേടിയെടുത്തത്. 22-ാം മിനിട്ടിൽ ഗുർജീത്ത് കൗർ നേടിയ ഗോളിനായിരുന്നു ഇന്ത്യൻ വിജയം. ബുധനാഴ്ചത്തെ സെമിഫൈനലിൽ അർജന്റീനയാണ് എതിരാളികൾ.

പൂൾ എയിലെ ആദ്യ മൂന്നു മത്സരങ്ങളും ഒന്നിനു പിന്നാലെ ഒന്നായി തോറ്റപ്പോൾ എഴുതിത്തള്ളിയിരുന്ന ആരാധകരെയും ഞെട്ടിച്ചാണ് അവസാന മത്സരങ്ങളിൽ അയർലൻഡിനെയും ദക്ഷിണാഫ്രിക്കയെയും തോൽപ്പിച്ച് ഇന്ത്യൻ പെൺപുലികൾ ക്വാർട്ടറിലെത്തിയത്. ക്വാർട്ടറിൽ തുടക്കത്തിൽ ലഭിച്ച ലീഡ് അവസാനസമയംവരെ പ്രതിരോധിച്ച് എക്കാലത്തെയും മികച്ച നേട്ടത്തിലേക്ക് എത്തുകയായിരുന്നു. ക്യാപ്ടൻ റാണി രാംപാലിന്റെയും ഗോൾ കീപ്പർ സവിതാ റാണിയുടെയും പ്രതിരോധനിരയുടെയും മിന്നുന്ന പ്രകടനമാണ് ഇന്ത്യൻ ഹോക്കിയുടെ അന്താരാഷ്ട്ര വേദിയിലെ തിരിച്ചുവരവിന്റെ കാഹളം മുഴക്കിയ വിജയത്തിന് വഴിയൊരുക്കിയത്.

2007ൽ പുറത്തിറങ്ങിയ 'ചക് ദേ, ഇന്ത്യ' എന്ന ബോളിവുഡ് സിനിമയിലെ രംഗങ്ങൾക്ക് സമാനമായ കാഴ്ചയാണ് ഇന്നലെ ടോക്യോയിലെ ഹോക്കി സ്റ്റേഡിയത്തിൽ അരങ്ങേറിയത്.മത്സരത്തിൽ ഇന്ത്യൻ ടീം വിജയം നേടിയതിന് പിന്നാലെ അവിടെ ഉയർന്നതും ചക് ദേയിലെ ആവേശഗാനമായിരുന്നു.

പുരുഷന്മാർക്ക് ഇന്ന് സെമി

ഇന്ത്യൻ പുരുഷ ഹോക്കി ടീം സെമിഫൈനലിന് ഇറങ്ങുന്നു.ബെൽജിയമാണ് എതിരാളികൾ.ക്വാർട്ടറിൽ ബ്രിട്ടനെ 3-1ന് തോൽപ്പിച്ചാണ് ഇന്ത്യ 49 വർഷത്തിന് ശേഷം ഒളിമ്പിക്സിന്റെ സെമിയിലെത്തിയത്. സ്പെയ് നിനെ ഇതേ സ്കോറിന് കീഴടക്കിയാണ് ബെൽജിയത്തിന്റെ വരവ്. ഇന്ത്യൻ സമയം രാവിലെ ഏഴുമുതലാണ് മത്സരം.

സെമി ജയിച്ചാൽ മെഡലുറപ്പിക്കാം. സെമിയിൽ തോറ്റാൽ ലൂസേഴ്സ് ഫൈനലിൽ മത്സരിച്ച് വെങ്കലം നേടാൻ അവസരമുണ്ട്.

കൗർ ആറാമതായി

യോഗ്യതാ റൗണ്ടിൽ രണ്ടാമതെത്തി മെഡൽ പ്രതീക്ഷയുണർത്തിയിരുന്ന ഇന്ത്യൻ വനിതാ ഡിസ്ക്സ് ത്രോ താരം കമൽപ്രീത് കൗർ ഇന്നലെ ഫൈനലിൽ ആറാം സ്ഥാനത്തായി. യോഗ്യതാ റൗണ്ടിൽ 64 മീറ്റർ എറിഞ്ഞിരുന്ന കൗർ ഫൈനലിൽ 63.70 മീറ്ററേ എറിഞ്ഞുള്ളൂ. 68.98 മീറ്റർ എറിഞ്ഞ അമേരിക്കയുടെ വലേറി അല്ലമനാണ് സ്വർണം നേടിയത്.

Advertisement
Advertisement