ഒൻപതുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ദഹിപ്പിച്ചു,​ പൂജാരി അടക്കം നാലുപേർ കസ്റ്റഡിയിൽ

Tuesday 03 August 2021 12:55 AM IST

ന്യൂഡൽഹി : ഡൽഹിയിൽ ഒന്‍പതുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ബലമായി മൃതദേഹം ദഹിപ്പിച്ചതായി പരാതി. സംഭവത്തില്‍ പൂജാരി അടക്കം നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡൽഹി കന്റോൺമെന്റ് ഏരിയയിലെ പുരാനാങ്കലിൽ ആണ് ദാരുണമായ സംഭവം നടന്നത്.

പുരാനനങ്കലിലെ ശ്മശാനത്തിന് സമീപത്ത് താമസിക്കുന്ന കുട്ടിയാണ് പീഡനത്തിനിരയായത്.

സംഭവത്തില്‍ ശ്മശാനത്തിലെ പൂജാരിയും മറ്റ് മൂന്ന് പേരെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ശ്മശാനത്തോട് ചേര്‍ന്നാണ് പെണ്‍കുട്ടിയുടെ കുടുംബം താമസിച്ചിരുന്നത്. ശ്മശാനത്തിലെ കൂളറിൽ നിന്ന് കുടിവെള്ളം കൊണ്ടുവരാനായി ഇന്നലെ വൈകിട്ട് പോയ പെണ്‍കുട്ടി മടങ്ങിയെത്താതോടെ വീട്ടുകാര്‍ അന്വേഷിച്ചെത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്.

വൈകുന്നേരം ആറ് മണിയോടെ ചിലര്‍‌ കുട്ടിയുടെ അമ്മയെ ശ്മശാനത്തിലേക്ക് വിളിച്ചുവരുത്തി മൃതദേഹം കാണിക്കുകയായിരുന്നു. കൂളറിൽ നിന്ന് വെള്ളം കുടിക്കുമ്പോൾ വൈദ്യുതാഘാതമേറ്റതാണെന്നാണ് പൂജാരി പറഞ്ഞത്. കുട്ടിയുടെ കൈത്തണ്ടയിലും കൈമുട്ടിലും പൊള്ളലേറ്റ പാടുകൾ ഉണ്ടായിരുന്നു. സംഭവം പൊലീസില്‍ അറിയിക്കരുതെന്നും പോസ്റ്റ്‌മോര്‍ട്ടം നടത്തിയാല്‍ അവര്‍ കുട്ടിയുടെ ആവയവങ്ങള്‍ മോഷ്ടിക്കുമെന്നും അമ്മയെ തെറ്റിദ്ധരിപ്പിച്ച ശേഷം മൃതദേഹം ദഹിപ്പിക്കാന്‍‌ നിര്‍ബന്ധിക്കുകയായിരുന്നു. എന്നാല്‍ സംശയം തോന്നിയ നാട്ടുകാര്‍ വിവരം പൊലീസില്‍ അറിയിച്ചു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ പീഡനത്തിന്‍റെയും കൊലപാതകത്തിന്‍റെയും വിവരങ്ങള്‍ പുറത്തുവന്നത്.