യാത്രാവിലക്കുള്ള രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് അരലക്ഷം റിയാൽ പിഴയെന്ന് സൗദി

Tuesday 03 August 2021 1:43 AM IST

റിയാദ് : കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയിട്ടുള്ള യാത്രാവിലക്ക് നിയന്ത്രണങ്ങൾ കടുപ്പിച്ച് സൗദി. യാത്രാ നിരോധനമുള്ള രാജ്യങ്ങളിൽ നിന്ന് നേരിട്ട് വിമാനങ്ങളിലോ മറ്റു ജലമാർഗങ്ങൾ വഴിയോ രാജ്യത്ത് എത്തി കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചാൽ അങ്ങനെയുള്ളവർക്ക് അര ലക്ഷം റിയാൽ പിഴ ചുമത്തുമെന്ന് സൗദി പബ്ലിക് പ്രൊസിക്യൂഷൻ അറിയിച്ചു.
ഇങ്ങനെ യാത്രാ നിരോധനമുള്ള രാജ്യങ്ങളിൽ നിന്ന് നിയമം പാലിക്കാതെ വരുന്നവർക്ക് മാത്രമല്ല, അവർ യാത്ര ചെയ്യുന്ന വിമാനക്കമ്പനികൾക്കെതിരേയും പിഴ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും.

രാജ്യത്തെത്തുന്ന വിമാനങ്ങളും കപ്പലുകളും ഉൾപ്പെടെ യാത്രാ നിരോധനമുള്ള രാജ്യം വഴിയല്ല വരുന്നതെന്ന സത്യവാങ്മൂലം സമർപ്പിക്കണമെന്നും പബ്ലിക് പ്രൊസിക്യൂഷൻ ഉത്തരവിട്ടു. ഇത് ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും. കൊവിഡ് വ്യാപന ഭീതി നിലനിൽക്കുന്നതിനാൽ സൗദി റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയ രാജ്യങ്ങളിൽ സന്ദർശനം നടത്തുന്ന സൗദി പൗരൻമാർക്ക് മൂന്നു വർഷം യാത്രാവിലക്ക് ഏർപ്പെടുത്തുമെന്ന് അധികൃതർ നേരത്തേ അറിയിച്ചിട്ടുണ്ട്.

Advertisement
Advertisement