കൊവിഡ് വാക്സിൻ എടുക്കാത്തവരെ ജോലിയിൽ നിന്ന് പിരിച്ച് വിടാൻ അനുമതി നല്കി സൗദി

Tuesday 03 August 2021 1:46 AM IST

റിയാദ് : രാജ്യത്ത് കൊവിഡ് നിയന്ത്രണത്തിന് ശക്തമായ നിയന്ത്രണങ്ങളുമായി സൗദി ഭരണകൂടം രംഗത്ത്. സർക്കാർ - സ്വകാര്യ സ്ഥാപനങ്ങളിലെ പ്രവേശനം, പൊതു പരിപാടികളിൽ പങ്കെടുക്കൽ എന്നിവയ്ക്ക് വാക്സിനേഷൻ നിർബന്ധമാക്കിയതിനു പിന്നാലെ 20 ദിവസത്തിനകം വാക്സിൻ സ്വീകരിക്കാത്ത ജീവനക്കാരെ നിബന്ധനകൾ പാലിച്ച് പിരിച്ചുവിടുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ സ്ഥാപന ഉടമകൾക്ക് സൗദി മനുഷ്യ വിഭവ സാമൂഹിക വികസന മന്ത്രാലയം നിർദ്ദേശം നൽകി. അതേസമയം, ആരോഗ്യപരമായ കാരണങ്ങളാൽ വാക്സിൻ എടുക്കുന്നതിൽ നിന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ ഇളവ് ലഭിച്ചവർക്കും 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും ഈ നിബന്ധനയിൽ ഇളവുകളുണ്ട്.

സമ്പൂർണമായ വാക്സിനേഷൻ പദ്ധതിയിലൂടെ രാജ്യത്തെ ജനജീവിതം സാധാരണ നിലയിലേയ്ക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ തീരുമാനങ്ങൾ നടപ്പിലാക്കാനൊരുങ്ങുന്നത്. പുതിയ നിയമം അനുസരിച്ച് സൗദിയിലെ ഏതു സ്ഥാപനങ്ങളിലും ജീവനക്കാർക്കും സന്ദർശകർക്കും വാക്സിനെടുത്തവർക്കോ കൊവിഡ് രോഗമുക്തി നേടിയവർക്കോ മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. പൊതു, സ്വകാര്യ പരിപാടികളിൽ പങ്കെടുക്കാനും തവക്കൽനാ ആപ്പിൽ ഇമ്മ്യൂൺ സ്റ്റാറ്റസ് ഉള്ളവർക്കേ അനുമതിയുണ്ടാകൂ.

സർക്കാർ സ്ഥാപനങ്ങളിലെ വാക്സിനെടുക്കാത്ത ജീവനക്കാർക്ക് തൽക്കാലം വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുമതി നൽകാം. എന്നാൽ ഇവർ ആഗസ്റ്റ് ഒൻപതിനകം വാക്സിനെടുത്തിരിക്കണം. ആഗസ്റ്റ് ഒൻപതിനകം വാക്സിനെടുക്കാത്തവരെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിക്കണം. എന്നാൽ അവരുടെ പേരിൽ അവധികളൊന്നും ബാക്കിയില്ലെങ്കിൽ അവർ ജോലിക്ക് ഹാജരാകാത്തതായികണക്കാക്കി വേതനം വെട്ടിക്കുറക്കാവുന്നതാണ്.സ്വകാര്യ സ്ഥാപനങ്ങൾക്കും ഇതേ രീതി അവലംബിക്കാം. സ്വകാര്യ സ്ഥാപന ഉടമയ്ക്ക് വാക്സിൻ എടുക്കാത്ത ജീവനക്കാരെ ഒരു നിശ്ചിത സമയ പരിധിയ്ക്ക് ശേഷം പിരിച്ച് വിടാനുള്ള അധികാരവുമുണ്ടാകും.

Advertisement
Advertisement