മഴവിൽ സഖ്യങ്ങളുടെ ഭാവി
പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിൽ വന്നിട്ട് രണ്ടുവർഷത്തിലേറെയായി. അടുത്ത പ്രധാനമന്ത്രി ആരായിരിക്കുമെന്ന് ചിന്തിക്കാറായിട്ടില്ല. എന്നാലും അടുത്ത പ്രധാനമന്ത്രിയാര്, ആരാണ് ബദൽ തുടങ്ങിയ കാര്യങ്ങൾ അന്തരീക്ഷത്തിൽ മുഴങ്ങുന്നുണ്ട്. ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ മമതാ ബാനർജി വീണ്ടും അധികാരത്തിൽ വന്നതോടെ ഭാവി പ്രധാനമന്ത്രിയായി മമതയെ ഉയർത്തിക്കാട്ടുന്നവരുമുണ്ട്.
എന്നാൽ ഇന്ത്യയിലെ പ്രധാന പ്രതിപക്ഷം കോൺഗ്രസ് തന്നെയാണ്. ദീർഘകാലം രാജ്യം ഭരിച്ച കോൺഗ്രസിന് പാൻ ഇന്ത്യൻ പാർട്ടിയെന്ന നേട്ടമുണ്ട്. പ്രതിപക്ഷത്ത് മറ്റാർക്കും ഈ മുൻഗണന അവകാശപ്പെടാനാവില്ല. മമതയോടൊപ്പം ശരദ് പവാർ മുതൽ തിരഞ്ഞെടുപ്പ് പ്രചാരണ വിദഗ്ദ്ധൻ പ്രശാന്ത് കിഷോറിന്റെ പേര് വരെ ഉയർന്നുവരുന്നുണ്ട്. മമത ഫയർ ബ്രാൻഡ് നേതാവാണെന്നതിൽ സംശയമേയില്ല. പതിറ്റാണ്ടുകളോളം സി.പി.എം ഭരിച്ച പശ്ചിമബഗാളിൽ അവരുടെ വേരറുത്തു അധികാരത്തിൽ വന്ന നേതാവാണവർ. എന്നാൽ കോൺഗ്രസുമായുള്ള മമതയുടെ ബന്ധം എത്രത്തോളമുണ്ടെന്ന് കണ്ടറിയണം. കോൺഗ്രസിനെ നിലംപരിശാക്കിയാണ് മമത ബംഗാൾ പിടിച്ചത്. ഒടുവിൽ മേൽവിലാസം നിലനിറുത്താൻ പശ്ചിമബംഗാളിലെ കോൺഗ്രസിന് സി.പി.എമ്മുമായി കൂട്ടുചേരേണ്ടിവന്നു. ബി.ജെ.പിയുടെ സ്വാഭാവിക ബദലായ തങ്ങളെ മാറ്റി ആ സ്ഥാനത്തേക്ക് വരാൻ ശ്രമിക്കുന്ന മമതയെ കോൺഗ്രസ് എത്രത്തോളം പിന്തുണയ്ക്കുമെന്ന് കണ്ടറിയണം.
ബി.ജെ.പിക്കും കോൺഗ്രസിനും ബദലായ മൂന്നാംമുന്നണിയെക്കുറിച്ചും പറഞ്ഞു കേൾക്കുന്നുണ്ട്. ബി.ജെ.പിക്കെതിരെ ഒരു രണ്ടാം മുന്നണി ഇല്ലെന്നതാണ് യാഥാർത്ഥ്യം. അതിനാൽ മൂന്നാംമുന്നണിയെന്ന് പറയുന്നതിൽ ഒരു വ്യാകരണപ്പിശകുണ്ട്. കേന്ദ്രഭരണകക്ഷിയല്ലാത്ത പാർട്ടികളുടെ നേതാക്കൾ മുഖ്യമന്ത്രിമാരായപ്പോൾ അവരെ പ്രധാനമന്ത്രി സ്ഥാനാർത്ഥികളായി മാദ്ധ്യമ പ്രവർത്തകരും ചില രാഷ്ട്രീയക്കാരും ഉയർത്തിക്കാട്ടാറുണ്ട്. കർണാടകത്തിൽ രാമകൃഷ്ണ ഹെഗ്‌ഡെ , തമിഴനാട്ടിൽ നിന്ന് കരുണാനിധി, ജയലളിത, ആന്ധ്രയിൽ നിന്ന് എൻ.ടി.രാമറാവു, ചന്ദ്രബാബു നായിഡു, ബംഗാളിൽ നിന്ന് ജ്യോതിബസു, മഹാരാഷ്ട്രയിൽ നിന്ന് ശരദ് പവാർ , ഒഡീഷയിൽ നിന്ന് ബിജു പട്നായിക്, ബിഹാറിൽ നിന്ന് നിതീഷ് കുമാർ തുടങ്ങിയവരൊക്കെ പ്രധാനമന്ത്രി സ്ഥാനാർത്ഥികളായി പരിഗണിക്കപ്പെട്ടവരാണ്.
പ്രധാനമന്ത്രിയാരാവും എന്നതിലുപരി ബി.ജെ.പിയെ മറികടക്കാനുള്ള രാഷ്ട്രീയമെന്തെന്നതാണ് ചർച്ച ചെയ്യപ്പെടേണ്ടത്. പ്രതിപക്ഷത്താണ് എന്നതൊഴിച്ചാൽ ഇവർക്ക് പൊതുവായ നിലപാടുകൾ കുറവാണ്. പ്രത്യേകിച്ചും സാമ്പത്തിക വിഷയങ്ങളിൽ കമ്യൂണിസ്റ്റ് പാർട്ടികളുടെയും ഇടതുപക്ഷത്തിന്റെയും നിലപാടും കോൺഗ്രസിന്റെയും തമ്മിൽ വലിയ വൈരുദ്ധ്യമുണ്ട്. കോൺഗ്രസ് ഒഴികെയെല്ലാം പ്രാദേശിക പാർട്ടികളാണ്. പല കാര്യങ്ങളിലും ഒരു ദേശീയ സമീപനം ഇവർക്കില്ല. പലരുടെയും അടിത്തറ പ്രാദേശികമായ സങ്കുചിത വിചാരങ്ങളോ താത്‌പര്യങ്ങളോ മാത്രമാണ്. ദ്രാവിഡവാദമാണ് ഡി.എം.കെയുടെ അടിത്തറ. ചന്ദ്രബാബു നായിഡു, ചന്ദ്രശേഖർ റാവു, ജഗൻമോഹൻ റെഡ്ഡി തുടങ്ങിയവരൊക്കെ വ്യത്യസ്ത താത്‌പര്യക്കാരാണ്. ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക് ആവട്ടെ പരസ്യമായ ബി.ജെ.പി വിരുദ്ധസഖ്യത്തിന് തയ്യാറാകുമെന്ന് തോന്നുന്നില്ല. നിതീഷ് കുമാർ ഇപ്പോൾ ബി.ജെ.പി പാളയത്തിലുമാണ്. ശരത് പവാറിന്റെ ശക്തി മഹാരാഷ്ട്രയിലൊതുങ്ങി നിൽക്കുന്നു. സംസ്ഥാന രാഷ്ട്രീയത്തിൽ ഈ നേതാക്കൾക്ക് കിട്ടുന്ന പിന്തുണ ദേശീയ രാഷ്ട്രീയത്തിൽ കിട്ടണമെന്നില്ല.
ഭരിക്കുന്ന കക്ഷിക്കെതിരെ ഒരു മഴവിൽ സഖ്യമെന്നത് നല്ല ആശയമാണ്. പക്ഷേ അതിന് ശക്‌തമായ ഒരു കേന്ദ്രബിന്ദു വേണം. രണ്ട് ഡസനോളം ഘടകകക്ഷികളുമായാണ് വാജ്‌പേയി കേന്ദ്രം ഭരിച്ചത്. എന്നാൽ ആ സ്ഥാനത്ത് വരാൻ കഴിയുന്ന കോൺഗ്രസിന്റെ നേതൃത്വം ഇവരിൽ പലരും അംഗീകരിക്കില്ല.
പലരും നാട്ടിൽ കോൺഗ്രസ് വിരുദ്ധ രാഷ്ട്രീയത്തിന്റെ വക്താക്കളുമാണ്. പരസ്പരം കണ്ടുകൂടാത്ത കക്ഷികളെ ഒരുമിച്ചുചേർക്കാനുള്ള ശ്രമം നടത്താൻപോലും ആരുമില്ലെന്നതാണ് ഇപ്പോഴത്തെ രാഷ്ട്രീയ കാലാവസ്ഥ . ഇടതുപക്ഷം ദേശീയ രാഷ്ട്രീയത്തിൽ പ്രസക്തമായിരുന്ന ഘട്ടത്തിൽ സി.പി.എം നേതാവ് ഹർകിഷൻ സിംഗ് സുർജിത്, സി.പി.ഐയിലെ ഇന്ദ്രജിത് ഗുപ്ത തുടങ്ങിയവരുടെ ഇടപെടലുകൾ പ്രതിപക്ഷ ഏകോപനത്തിന് സഹായിച്ചിരുന്നു. ആ പാർട്ടികളുടെ മുതലാളിത്ത സമീപനം, ജാതിമത പ്രാദേശിക രാഷ്ട്രീയം, കുടുംബത്തിൽ കേന്ദ്രീകരിക്കുന്ന അധികാരം, അഴിമതി എന്നിവയൊന്നും ഇടതുപക്ഷം ഒരു പ്രശ്നമായെടുത്തില്ല. വി.പി സിംഗിന്റെ നേതൃത്വത്തിലുള്ള സർക്കാരിന് രണ്ടുവശത്ത് നിന്ന് ബി.ജെ.പിയും ഇടതുപക്ഷവും പിന്തുണച്ചത് ഓർക്കുക. എന്നാൽ കേരളത്തിലൊഴികെ എല്ലായിടത്തും നാമാവശേഷമായ സി.പി.എമ്മിന് പ്രതിപക്ഷ ഏകോപനത്തിന് രാസത്വരകമാകാൻ കഴിയില്ല. പ്രതിപക്ഷ ഏകോപനത്തിന് കേന്ദ്രബിന്ദുവാകേണ്ട കോൺഗ്രസ് ദുർബലമാണ്. പിന്നെയുള്ളത് തിരഞ്ഞെടുപ്പ് വിദഗ്ദ്ധൻ പ്രശാന്ത് കിഷോറാണ് . തിരഞ്ഞെടുപ്പ് വിദഗ്ദ്ധനെ വാടകയ്‌ക്കെടുക്കാം. രാഷ്ട്രീയത്തെ ആകെ വാടകയ്‌ക്കെടുക്കാൻ കഴിയുമോ? ചുരുക്കത്തിൽ മൂന്നാംമുന്നണി നടക്കാത്ത സുന്ദര സ്വപ്നമായി അവശേഷിച്ചേക്കാം.