വിമാനത്താവള നടത്തിപ്പ് അടുത്തമാസം കൈമാറും അദാനി വരുന്നു, വാഗ്ദാനം ലോകനിലവാരം

Tuesday 03 August 2021 3:09 AM IST

തിരുവനന്തപുരം: ലോകനിലവാരത്തിൽ വിമാനത്താവളത്തെ മാറ്റുമെന്ന വാഗ്ദാനവുമായി 50 വർഷത്തെ നടത്തിപ്പ് ഏറ്റെടുക്കാൻ ഒക്ടോബറിൽ അദാനിയെത്തും. ഭരണനിർവഹണമാവും ആദ്യം ഏറ്റെടുക്കുക. വിഴിഞ്ഞം തുറമുഖത്തോടൊപ്പം വിമാനത്താവളവും ലഭിക്കുന്നതോടെ കപ്പൽ - വിമാന ഹബ്ബാക്കി തിരുവനന്തപുരത്തെ മാറ്റുമെന്നാണ് അദാനിയുടെ ഉറപ്പ്. വിമാനത്താവളവും കൂട്ടിച്ചേർത്തുള്ള ലോജിസ്റ്റിക്‌സ് ബിസിനസിലും കണ്ണുണ്ട്. ചരക്കുനീക്കത്തിലൂടെ വിമാനത്താവളം ലാഭത്തിലാക്കാനും കൊവിഡ് പ്രതിസന്ധി മാറിയാൽ അന്താരാഷ്ട്ര, ആഭ്യന്തര സർവീസുകളുടെ എണ്ണം ഇരട്ടിയാക്കാനുമാണ് ലക്ഷ്യം.

ജനുവരി 19ന് എയർപോർട്ട് അതോറിട്ടിയുമായി ഒപ്പുവച്ച കരാർ പ്രകാരം ജൂലായിൽ നടത്തിപ്പ് ഏറ്റെടുക്കേണ്ടതായിരുന്നെങ്കിലും കൊവിഡ് കാരണം മൂന്നുമാസം നീട്ടിക്കിട്ടുകയായിരുന്നു. ആസ്തികളുടെ കണക്കെടുപ്പ് അദാനി ഗ്രൂപ്പ് പൂർത്തിയാക്കി. വർഷങ്ങളായി പൂട്ടിക്കിടക്കുന്ന

ഡ്യൂട്ടിഫ്രീ ഷോപ്പ് നടത്തിപ്പിനായി ഫ്ലൈമിംഗ് ഗോയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

അദാനി ഗ്രൂപ്പിന്റെ 10 വിമാനത്താവളങ്ങൾ കൂട്ടിയിണക്കി സർവീസുകളുണ്ടാവും. ദേശീയ തീർത്ഥാടന സർക്യൂട്ടിലും ഇടംപിടിക്കാൻ സാദ്ധ്യതയുണ്ട്. ഓപ്പറേഷൻ, മെയിന്റനൻസ് എന്നിവയ്ക്കായി ജർമ്മനിയിലെ മ്യൂണിക്ക് വിമാനത്താവളത്തിന്റെ നടത്തിപ്പുകാരും ജർമ്മൻ സർക്കാരിന് 26 ശതമാനം ഓഹരിയുമുള്ള എഫ്.എം.ജി കമ്പനിയാണ് പരിഗണനയിലുള്ളത്. ജർമ്മൻ കമ്പനി വന്നാൽ യൂറോപ്പിലേക്ക് ഉൾപ്പെടെ സർവീസ് തുടങ്ങാനാവും.

അതേസമയം സർക്കാർ ഭൂമിയിൽ പ്രവർത്തിക്കുന്ന വിമാനത്താവളം സർക്കാരിന്റേതാണെന്നും അനുമതിയില്ലാതെ അദാനിക്ക് വികസനം പറ്റില്ലെന്നുമാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. വൈദ്യുതി, കുടിവെള്ളം, റോഡ് കണക്ടിവിറ്റി സൗകര്യങ്ങൾ ഉറപ്പാക്കാനുള്ള സ്റ്റേറ്റ് സപ്പോർട്ട് എഗ്രിമെന്റ് നൽകില്ലെന്നാണ് സർക്കാർ നിലപാട്.

55,000 ചതുരശ്രഅടി വിസ്‌തൃതിയിൽ പുതിയ ടെർമിനൽ നിർമ്മിക്കാൻ സർക്കാർ 18.30 ഏക്കർ ഭൂമിയേറ്റെടുത്ത് കൈമാറണം. നടത്തിപ്പ് അദാനിക്കാണെങ്കിൽ ഭൂമി ഏറ്റെടുക്കൽ സർക്കാ‌ർ ഉപേക്ഷിച്ചേക്കും. തുടർനടപടികളിൽ സഹകരിക്കില്ലെന്ന് പ്രധാനമന്ത്രിക്ക് നേരത്തേ അയച്ച കത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. സർക്കാർ നൽകിയ അപ്പീലിൽ സുപ്രീംകോടതി സ്റ്റേ അനുവദിക്കാത്തതിനാലാണ് ജനുവരിയിൽ കരാറൊപ്പിട്ടത്. നടത്തിപ്പ്, വികസനം, പരിപാലനം, ഭൂമി എന്നിവയാണ് അദാനിക്ക് കൈമാറുക. ഓരോ യാത്രക്കാരനും 168 രൂപ വീതം വിമാനത്താവള അതോറിട്ടിക്ക് അദാനിഗ്രൂപ്പ് നൽകണം. സുരക്ഷ, കസ്റ്റംസ്, എയർ ട്രാഫിക് കൺട്രോൾ എന്നിവ നിലവിലേതുപോലെ തുടരും.

ഡ്യൂട്ടി ഫ്രീ സൂപ്പറാവും

------------------------------------------------------

വിമാനത്താവളത്തിലെ ചെറിയ ഡ്യൂട്ടിഫ്രീ ഷോപ്പ് വിസ്‌തൃതമാക്കും.
നെടുമ്പാശേരിയിൽ അരലക്ഷം ചതുരശ്രഅടിയിലാണ് ഡ്യൂട്ടിഫ്രീ.

കണ്ണൂർ വിമാനത്താവളത്തിലേതുപോലെ ആഭ്യന്തര ടെർമിനലിലും

ബാർ വരും. അന്താരാഷ്ട്ര ടെർമിനലിലെ ബാർ വിപുലീകരിക്കും.

ടെർമിനലിൽ ഷോപ്പിംഗ്, സേവന കേന്ദ്രങ്ങൾ വരും. സെക്യൂരിറ്റി

ഏരിയയിലെ കടകളും വിസ്‌തൃതമാക്കിയും വരുമാനം കൂട്ടാം.

ജീവനക്കാർക്ക് മൂന്ന് ഓപ്ഷൻ

1) ഡി.ജി.എം റാങ്കിന് താഴെയുള്ള എയർപോർട്ട് അതോറിട്ടി ജീവനക്കാർക്ക്

പരമാവധി മൂന്നുവർഷം വിമാനത്താവളത്തിൽ തുടരാം.

2) ഈ കാലയളവിലെ ശമ്പളം അദാനി ഗ്രൂപ്പ് നൽകണം. അതിനുശേഷം

ജീവനക്കാർക്ക് അദാനിഗ്രൂപ്പിൽ ചേരാം.

3) അല്ലെങ്കിൽ എയർപോർട്ട് അതോറിട്ടിയുടെ മറ്റ് വിമാനത്താവളങ്ങളിലേക്ക്

മാറിപ്പോകണം. 1200 ജീവനക്കാരാണ് ആകെയുള്ളത്.

Advertisement
Advertisement