എസ്.എ.ടിയിലെ മരുന്ന് ക്ഷാമം: നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മിഷൻ

Tuesday 03 August 2021 3:23 AM IST

തിരുവനന്തപുരം: എസ്.എ.ടി ആശുപത്രിയിലെ നവജാത ശിശു തീവ്രപരിചരണ വിഭാഗത്തിൽ മരുന്നുകൾക്കും ചികിത്സാ സാമഗ്രികൾക്കും കടുത്ത ക്ഷാമമുണ്ടെന്ന പരാതിയിൽ ഉടൻ നടപടിയെടുക്കാൻ സൂപ്രണ്ടിന് മനുഷ്യാവകാശ കമ്മിഷൻ നിർദ്ദേശം.
നാലാഴ്ചയ്ക്കകം ആശുപത്രി സൂപ്രണ്ട് റിപ്പോർട്ട് സമർപ്പിക്കണം. നവജാത ശിശുക്കൾക്ക് അടിയന്തര ആവശ്യമുള്ള മരുന്നുകൾക്കാണ് ക്ഷാമമെന്ന് പരാതിയിൽ പറയുന്നു. വെന്റിലേ​റ്ററിൽ കഴിയുന്ന കുഞ്ഞുങ്ങളുടെ ചികിത്സയ്ക്ക് മരുന്നുകളും ചികിത്സാ സാമഗ്രികളും കിട്ടാനില്ല. ഫാർമസിയിൽ ഇവ ലഭ്യമല്ലാത്തതിനാൽ വൻ വില നൽകി പുറത്തുനിന്നു വാങ്ങേണ്ട സാഹചര്യമാണുള്ളത്. ചികിത്സാ സഹായ പദ്ധതികളുടെ സഹായത്തോടെ മരുന്ന് വാങ്ങാമെന്ന് കരുതിയാൽ ഇവ കാരുണ്യ ഫാർമസിയിലും കിട്ടാനില്ല. സൂപ്രണ്ട് മരുന്നുകൾക്ക് യഥാസമയം ഓർഡർ നൽകാത്തതാണ് ക്ഷാമത്തിന് കാരണമെന്ന് പൊതുപ്രവർത്തകൻ ജോസ് വൈ. ദാസും നജീബ് ബഷീറും നൽകിയ പരാതിയിലുണ്ട്.

Advertisement
Advertisement