മുൻ മന്ത്രിയുടെ ആറാം വിവാഹം തടഞ്ഞ് മൂന്നാം ഭാര്യ; തർക്കം, പീഡനത്തിന് പരാതി നൽകി മുൻ ഭാര്യ

Tuesday 03 August 2021 11:46 AM IST

ലക്‌നൗ: ആറാമത് വിവാഹം കഴിക്കാനൊരുങ്ങിയ മുൻ മന്ത്രിയുടെ വിവാഹം തടഞ്ഞ് മൂന്നാം ഭാര്യ. ഉത്തർപ്രദേശ് മുൻ മന്ത്രിയായ ചൗധരി ബഷീറിന്റെ വിവാഹമാണ് മൂന്നാം ഭാര്യ നഗ്‌മ തടഞ്ഞത്. ബഷീറിനെതിരെ ആഗ്ര മണ്ഡോല പൊലീസ് സ്റ്റേഷനിൽ നഗ്‌മ പരാതി നൽകി.

2012 നവംബറിൽ നഗ്‌മയെ ബഷീർ വിവാഹം ചെയ്‌തു. എന്നാൽ പിന്നീട് വിവാഹ ബന്ധത്തിൽ ഉലച്ചിലുണ്ടായി. തുടർന്ന് ഇവർ അകന്ന് കഴിയുകയായിരുന്നു. ബഷീർ ആറാമതും വിവാഹം ചെയ്യുന്നത് അറിഞ്ഞ നഗ്‌മ ഇവിടെയെത്തി വിവാഹം തടയാൻ ശ്രമിച്ചു. തുടർന്ഇതോടെ പ്രശ്‌നമുണ്ടായി. തന്നെ വിവാഹ സ്ഥലത്ത് നിന്നും ബഷീർ പുറത്താക്കിയെന്നും മുത്തലാക്ക് ചൊല്ലിയെന്നും നഗ്‌മ പരാതിയിൽ പറയുന്നു.

മുൻപ് ബഷീറിനെതിരെ പീഡനത്തിന് പരാതിയും പൊലീസിൽ നഗ്‌മ നൽകിയിരുന്നു. ഇവർ തമ്മിൽ മുൻപും വഴക്കുണ്ടായതിന്റെ കേസുമുണ്ട്. മായാവതിയുടെ നേതൃത്വത്തിലെ ബിഎസ്‌പി സർക്കാരിൽ മന്ത്രിയായിരുന്നു ചൗധരി ബഷീർ. പിന്നീട് സമാജ്‌വാദി പാർട്ടിയിലെത്തിയ ഇയാൾ പിന്നീട് പാർട്ടി അംഗത്വം വേണ്ടെന്ന്‌വച്ചിരുന്നു.