18 ചാക്ക് അരി കുഴിച്ചുമൂടി പഞ്ചായത്ത് അന്നമാണ്, മറക്കരുത്
മുക്കം: കൊവിഡിനെ തുടർന്നുള്ള ലോക്ക്‌ഡൗണിൽ ജോലിയും കൂലിയും ഇല്ലാതായ അന്യ സംസ്ഥാന തൊഴിലാളികൾക്ക് വിതരണം ചെയ്യാൻ ലഭിച്ച അരി ഉപയോഗ ശൂന്യമായതോടെ കാരശ്ശേരി പഞ്ചായത്ത് കുഴിച്ചുമൂടി. കറുത്തപറമ്പ് സാംസ്‌കാരിക നിലയത്തിൽ സൂക്ഷിച്ചിരുന്ന 18 ചാക്ക് അരിയാണ് പുഴുവരിച്ചതിനെ തുടർന്ന് കുഴിച്ചുമൂടിയത്. ജില്ലാ ഭരണകൂടം പഞ്ചായത്തിന് നൽകിയ 175 ചാക്ക് അരിയിൽ ബാക്കിവന്ന 18 ചാക്ക് അരിയാണ് കേടുവന്ന് ഉപയോഗിക്കാൻ പറ്റാതായതും പഞ്ചായത്ത് അംഗം ഷാഹിനയുടെ നേതൃത്വത്തിൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കഴിഞ്ഞ ദിവസം കുഴിച്ചുമൂടിയതും.
അരി വിതരണം ആരംഭിച്ചപ്പോൾ തൊഴിലാളികൾ കൂടുതലും നാട്ടിലെത്തിയിരുന്നു. അതിനാൽ അന്ന് 75 ചാക്ക് അരി മാത്രമാണ് വിതരണം ചെയ്യാൻ സാധിച്ചത്. ബാക്കി വന്നതിൽ 82 ചാക്ക് അരി നാലുമാസം മുമ്പ് ചേവായൂർ ത്വക്ക് രോഗാശുപത്രി, ഉദയം ഹോം മാങ്കാവ് എന്നിവയ്ക്ക് നൽകി. എന്നിട്ടും ബാക്കിയായ 18 ചാക്ക് അരിയാണ് ഉപയോഗശൂന്യമായി കുഴിച്ച് മൂടേണ്ടി വന്നത്. കറുത്തപറമ്പ് സാംസ്‌കാരിക നിലയത്തിൽ എത്തിച്ച അരി ആർക്കും ഉപകരിക്കാതെ കുഴിച്ചുമൂടാനിടയായതിൽ യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്ത് ജനങ്ങളോട് മറുപടി പറയണമെന്ന് മുൻ അംഗം സവാദ് ഇബ്രാഹിം ആവശ്യപ്പെട്ടു. എട്ടു മാസം ഒന്നും ചെയ്യാതിരുന്നതിനാലാണ് അരി നശിച്ചതെന്നും ഉത്തരവാദികൾ പഞ്ചായത്ത് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ വിതരണത്തിന് ലഭിച്ച അരി വിതരണം ചെയ്യുകയോ കേടാവാതെ സൂക്ഷിക്കുകയോ ചെയ്യാത്തതിന്റെ ഉത്തരവാദിത്വം മുൻ ഭരണ സമിതിക്കാണെന്ന് യു.ഡി.എഫ് ആരാേപിച്ചു.