അൽപമെങ്കിലും മനസാക്ഷിയുള്ള ഒരു മനുഷ്യനും കണ്ടുനിൽക്കാനാവാത്തത്ര ഭീകരമായ ദൃശ്യം; തമാശ പറയുക എന്നതായിരുന്നു നിങ്ങൾ ചെയ്ത കുറ്റമെന്ന് ശ്രീകുമാർ

Tuesday 03 August 2021 1:22 PM IST

അഫ്​ഗാൻ ഹാസ്യനടൻ നസർ മുഹമ്മദിനെ താലിബാൻ ഭീകരർ വധിച്ച സംഭവത്തിൽ പ്രതികരണവുമായി സംവിധായകൻ ശ്രീകുമാർ. അൽപമെങ്കിലും മനസാക്ഷി ബാക്കിയുള്ള ഒരു മനുഷ്യനും കണ്ടുനിൽക്കാനാവാത്തത്ര ഭീകരമായ ദൃശ്യമായിരുന്നു ഇതെന്ന് അദ്ദേഹം പ്രതികരിച്ചു.

തമാശ പറയുക എന്നത് മാത്രമായിരുന്നു നസർ ചെയ്ത തെറ്റെന്നും ശ്രീകുമാർ പറഞ്ഞു. നിങ്ങളുടെ രക്തസാക്ഷിത്വം പാഴാവുകയില്ല എന്നു മാത്രമാണ് ഒരു കലാകാരൻ എന്ന നിലയിൽ തനിക്ക് പറയാനാവുകയെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

കെട്ട കാലങ്ങളിലെല്ലാം നമുക്ക് താങ്ങായി നിന്നവരാണ് ആർടിസ്റ്റുകൾ. ചിത്രം വരയ്ക്കുന്നവർ, എഴുത്തുകാർ, അഭിനേതാക്കൾ, സിനിമാ-നാടക പ്രവർത്തകർ, കവികൾ, കൊമേഡിയന്മാർ. ഭരണാധികാരികളും അവർ നയിച്ച ജനതകളുമെല്ലാം വഴിതെറ്റി നടക്കുമ്പോഴും തെളിച്ചം നൽകി നേരെ നടത്തിയവർ. അതുകൊണ്ടു തന്നെ മൗലികവാദികളും ഫാസിസ്റ്റുകളും ഏകാധിപതികളുമെല്ലാം എന്നും ഭയന്നതും അവരെയാണ്. 'നൂറു ബയണറ്റുകളെക്കാൾ ശക്തിയുള്ള' അവരുടെ വാക്കുകളെയാണ്.


നാസർ എന്ന വാക്കിന്റെ അർത്ഥം താങ്ങ്, ആശ്വാസം എന്നെല്ലാമാണ്. അരക്ഷിതരായ അഫ്ഗാൻ ജനതയ്ക്ക് ആ താങ്ങായിരുന്നു നിങ്ങൾ.


അല്പമെങ്കിലും മനസ്സാക്ഷി ബാക്കിയുള്ള ഒരു മനുഷ്യനും കണ്ടുനിൽക്കാനാവാത്തത്ര ഭീകരമായ ദൃശ്യമായിരുന്നു അത്. പ്രിയ നാസർ മുഹമ്മദ്, ഖഷ സ്വാൻ... ഒരു കലാകാരനാവുക എന്നത്, തമാശ പറയുക എന്നത് മാത്രമായിരുന്നു നിങ്ങൾ ചെയ്ത കുറ്റം. നിങ്ങളുടെ രക്തസാക്ഷിത്വം പാഴാവുകയില്ല എന്നു മാത്രമാണ് ഒരു കലാകാരൻ എന്ന നിലയിൽ എനിക്ക് പറയാനാവുക.
ആദരാഞ്ജലികൾ.