കോർപ്പറഷേന്റെ കരട് മാസ്‌റ്റർപ്ളാൻ 2040 ഗതാഗത അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തണം

Tuesday 03 August 2021 2:22 PM IST

തിരുവനന്തപുരം: നഗരസഭയുടെ 2040ലേക്കുള്ള കരട് മാസ്‌റ്റർ പ്ലാനിൽ അടിയന്തര പരിഗണന നൽകേണ്ട സുപ്രധാന വിഷയങ്ങളിലൊന്ന് നഗരത്തിലെ ഗതാഗതത്തിനുള്ള അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുന്നതാണെന്ന് വിലയിരുത്തൽ. തിരക്ക് മൂർദ്ധന്യത്തിലെത്തുന്ന സമയത്ത് നഗരത്തിൽ 25 കിലോമീറ്റർ വേഗത്തിൽ കൂടുതൽ പോകാൻ വാഹനയാത്രക്കാർക്ക് സാധിക്കുന്നില്ലെന്നും നഗരത്തിലെ യാത്രാ സാചര്യങ്ങൾ ശരാശരിയിലും താഴെ ആണെന്നതാണ് ഇത് തെളിയിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

നഗരത്തിന്റെ രൂപത്തിന് അനുസരിച്ചുള്ള ഗതാഗതം അതിന്റെ പാരമത്യത്തിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. വാഹനങ്ങളെ ഉൾക്കൊള്ളാൻ കഴിയാത്തവിധം റോഡുകളും ജംഗ്‌ഷനുകളും മാറിക്കഴിഞ്ഞു. ഈ അവസ്ഥയ്ക്ക് മാറ്റം വരണമെങ്കിൽ അടിയന്തരമായി ഗതാഗത അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തേണ്ടത് ആവശ്യമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങൾ,​ ഇടനാഴികൾ,​ ജംഗ്ഷനുകൾ എന്നിവിടങ്ങളെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്.

 മുന്നിൽ പട്ടം

2020ലെ ട്രാഫിക്ക് പഠനം അനുസരിച്ച് ഏറ്റവും തിരക്കേറിയ സ്ഥലം പട്ടം ജംഗ്‌ഷനാണ്. രാവിലെയും വൈകിട്ടും വാഹന തിരക്കേറിയ 52 ജംഗ്ഷനുകളാണ് പഠനത്തിൽ കണ്ടെത്തിയത്. തിരക്ക് ഏറിയ സമയങ്ങളിൽ (രാവിലെയും വൈകിട്ടും)​ പട്ടം ജംഗ്ഷൻ വഴി 10,​000 കാറുകൾ കടന്നുപോകുന്നുവെന്നാണ് കണ്ടെത്തിയത്. കേശവദാസപുരം ജംഗ്ഷനിൽ ഇത് 9000നും 10,​000നും ഇടയിലാണ്. 8000നും 9000നും ഇടയിൽ കാറുകൾ കടന്നുപോകുന്ന ആറ് ജംഗ്ഷനുകളാണുള്ളത്. പാളയം - ഓവർബ്രിഡ്‌ജ് റോഡിൽ തിരക്കേറിയ സമയത്ത് 70,​000 കാറുകൾ കടന്നുപോകുന്നുണ്ട്. കരമന - പാപ്പനംകോട് റോഡിൽ ഇത് 52,​431 ആണ്.

 വില്ലൻ അനധികൃത പാർക്കിംഗ്

ഗതാഗതക്കുരുക്കിന്റെ പ്രധാന കാരണമായി പഠനത്തിൽ തെളിഞ്ഞത് അനധികൃത പാർക്കിംഗ് ആണ്. പലയിടത്തും പാർക്കിംഗിന് സ്ഥലങ്ങൾ ഉണ്ടെങ്കിലും അവയൊന്നും തന്നെ വേണ്ടവിധം ഉപയോഗിക്കപ്പെടുന്നില്ല. ഇക്കാര്യം റിപ്പോർട്ടിൽ അടിവരയിട്ട് പറഞ്ഞിട്ടുണ്ട്. നഗരത്തിലെ റോഡുകളിൽ ഇത്തരത്തിലുള്ള അലക്ഷ്യ പാർക്കിംഗുകൾ സർവസാധാരണമാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. അട്ടക്കുളങ്ങര - കിള്ളിപ്പാലം - കരമന റോഡ്,​ എൽ.എം.എസിനും മണക്കാടിനും ഇടയിലുള്ള എം.ജി റോഡ്,​ പ്ളാമൂട് -പട്ടം- കേശവദാസപുരം,​ വെള്ളയമ്പലം - ശാസ്തമംഗലം റോഡ്,​ ചാല മാർക്കറ്റ് റോഡ്,​ പട്ടം - മുറിഞ്ഞപാലം- മെഡിക്കൽ കോളേജ് റോഡ്,​ മെഡിക്കൽ കോളേജ് - ഉള്ളൂർ റോഡ് എന്നിവിടങ്ങളിലാണ് അനധികൃത പാർക്കിംഗ് ഏറ്റവും കൂടുതൽ.

പ്രധാന റോഡുകളിൽ വാഹനങ്ങളുടെ മൂന്നിലൊന്നും അര മണിക്കൂർ നേരത്തേക്കാണ് പാർക്ക് ചെയ്യുന്നത്. 11 ശതമാനം വാഹനങ്ങൾ 30 മുതൽ 60 മിനിട്ട് വരെ പാർക്ക് ചെയ്യുന്നു. ഒരു മണിക്കൂറോ അതിൽക്കൂടതലോ സമയം പാർക്ക് ചെയ്യുന്ന വാഹനങ്ങളുടെ എണ്ണം 15 ശതമാനം ആണ്.

Advertisement
Advertisement