വയർ  കീറി  കല്ലുനിറച്ചു  പിന്നെ  ആന്തരികാവയവങ്ങൾ  തോട്ടിലെറിഞ്ഞു,  ബുദ്ധി ഉപദേശിച്ചത് 22 കാരി, കുമ്പളങ്ങി കൊലപാതകത്തിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്

Tuesday 03 August 2021 3:49 PM IST

കൊച്ചി: കുമ്പളങ്ങിയിലെ ആൻ്റണി ലാസറിന്റെ കൊലപാതകത്തിന്റെ ചുരുളഴിയുമ്പോൾ പുറത്തുവരുന്നത് മുഖ്യപ്രതി ബിജുവിന്റെ ഭാര്യ രാഖി എന്ന ഇരുപത്തിരണ്ടുകാരിയുടെ കൊടും ക്രൂരതയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ. കൊലപ്പെടുത്താൻ എല്ലാ ഒത്താശയും ചെയ്തതിനൊപ്പം ഒരിക്കലും പിടിക്കപ്പെടാതിരിക്കാൻ മൃതദേഹത്തിന്റെ വയർ കീറി ആന്തരികാവയവങ്ങൾ നീക്കം ചെയ്തശേഷം കല്ലുനിറച്ച് ചെളിയിൽ ചവിട്ടി താഴ്ത്താൻ നിർദ്ദേശിച്ചതും ആ യുവതി തന്നെയായിരുന്നു. വയർ കീറി പുറത്തെടുത്ത ആന്തരികാവയവങ്ങൾ ലവലേശം അറപ്പില്ലാതെ പ്ളാസ്റ്റിക് കവറിലാക്കി തോട്ടിലേക്ക് വലിച്ചെറിഞ്ഞതും രാഖിതന്നെയായിരുന്നു. പശ്ചാത്താപത്തിന്റെ കണികപോലുമില്ലാതെയാണ് ഇക്കാര്യങ്ങളെല്ലാം യുവതി പൊലീസിനോട് വിവരിച്ചത്.

നാലുവർഷം മുമ്പുണ്ടായ ഒരു അടിപിടിയാണ് ക്രൂര കൊലപാതകത്തിലേക്ക് നയിച്ചത്. കൊല്ലപ്പെട്ട ആന്റ്ണി ലാസറും സഹോദരനും ചേർന്ന് ബിജുവിന്റെ കൈ തല്ലിയൊടിച്ചിരുന്നു. ഇതിന് പ്രതികാരം ചെയ്യാൻ പലതവണ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ജൂലായ് ഒമ്പതിന് രാത്രി എല്ലാ പ്രശ്നങ്ങളും പറഞ്ഞ് തീർക്കാനെന്ന വ്യാജേന ബിജുവിന്റെ വീട്ടിലേക്ക് ലാസറിനെ വിളിച്ചുവരുത്തി. ഇരുവരും ചേർന്ന് നന്നായി മദ്യപിച്ചു. തുടർന്ന് ബിജുവും കേസിൽ അറസ്റ്റിലായ കുമ്പളങ്ങി പുത്തങ്കരിവീട്ടിൽ സെൽവനും ചേർന്ന് ലാസറിനെ ക്രൂരമായി മർദ്ദിച്ചു. പലതവണ ഭിത്തിയിൽ തലയിടിപ്പിച്ചു. ഒടുവിൽ മരണം ഉറപ്പാക്കാൻ നെഞ്ചിൽ നിരവധി തവണ ആഞ്ഞ് ചവിട്ടി. ഇതിനെല്ലാത്തിനും രാഖി സാക്ഷിയായിരുന്നു. മരണം ഉറപ്പാക്കിയശേഷമാണ് മൃതദേഹം എങ്ങനെ മറവുചെയ്യണമെന്ന ബുദ്ധി രാഖി ഉപദേശിച്ചത്.

ലാസറിനെ കാണാനില്ലെന്ന് കാട്ടി സഹോദരൻ നൽകിയ പരാതിയെ തുടർന്ന് പൊലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇരുപത്തൊന്നുദിവസങ്ങൾക്കുശേഷമാണ് അഴുകിയ നിലയിലുള്ള മൃതദേഹം ബിജുവിന്റെ വീടിന് സമീപത്തുള്ള ചാലിൽ നിന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷത്തിലാണ് രാഖിയും സെൽവനും പിടിയിലായത്. ഇവർ ഇപ്പോൾ റിമാൻഡിലാണ്. മുഖ്യപ്രതി ബിജു സംസ്ഥാനം വിട്ടുവെന്നാണ് പൊലീസ് പറയുന്നത്. ഇയാൾക്കുവേണ്ടി അയൽ സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്.