ആദ്യ യുവജന സഹകരണ സംഘം കോട്ടയത്ത്

Wednesday 04 August 2021 12:00 AM IST

കോട്ടയം: യുവജനങ്ങൾക്ക് തൊഴിൽ നൽകുന്നതിന് സഹകരണ വകുപ്പിനു കീഴിൽ ആരംഭിക്കുന്ന യുവജന സഹകരണ സംഘങ്ങളിൽ സംസ്ഥാനത്ത് ആദ്യത്തേത് കോട്ടയത്ത് രജിസ്റ്റർ ചെയ്തു. കോട്ടയം യുവജന സംരംഭക സഹകരണ സംഘം ക്ലിപ്തം നമ്പർ കെ 1232 എന്ന പേരിലാണ് പ്രവർത്തിക്കുക. പ്രവർത്തന പരിധിയിൽ കോട്ടയം, ചങ്ങനാശേരി താലൂക്കുകൾ ഉൾപ്പെടുന്നു.

അടിസ്ഥാന സൗകര്യ മേഖലയിലെ നിർമാണ പ്രവർത്തനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുക.

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിലും സർക്കാരിന്‍റെ നൂറുദിന കർമ്മപരിപാടിയിലും ഉൾപ്പെട്ട പദ്ധതിയാണ് യുവജന സംരംഭക സഹകരണ സംഘങ്ങൾ . കൃഷി, ഐടി, വ്യവസായം, സേവന മേഖല എന്നിവയിൽ സംരംഭം തുടങ്ങാനുള്ള ആശയവും ഓഹരിത്തുകയുമുള്ള 45 വയസ്സ് തികയാത്തവർക്ക് സംഘങ്ങളില്‍ പങ്കാളികളാകാം.

1.75 കോടി രൂപയാണ് സംഘത്തിന് ഉണ്ടായിരിക്കേണ്ട ഓഹരി മൂലധനം. ഓഹരികൾ, പ്രവേശന ഫീസ്, എ ക്ലാസ് അംഗങ്ങളിൽനിന്നുള്ള സ്ഥിര നിക്ഷേപം, ധനകാര്യ സ്ഥാപനങ്ങളിൽനിന്നുള്ള വായ്പകളും ധനസഹായവും, സർക്കാർ സബ്സിഡി, ഗ്രാന്റ് , രജിസ്ട്രാർ അംഗീകരിച്ച മറ്റു ഫണ്ടുകൾ എന്നിവയാണ് സംഘത്തിന്റെ ഫണ്ടുകളിൽ ഉൾപ്പെടുന്നത്.

ആദ്യ സംഘത്തിന്റെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് കോട്ടയം സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ എൻ. അജിത്കുമാർ ചീഫ് പ്രമോട്ടർ കെ.ആര്‍. അജയ്ക്ക് കൈമാറി. കോട്ടയം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ.എം.രാധാകൃഷ്ണനും സന്നിഹിതനായിരുന്നു.

Advertisement
Advertisement