ഇന്ധനവില വർദ്ധന:സൈക്കിൾ ചവിട്ടി പ്രതിഷേധിച്ച് രാഹുലിന്റെ പ്രതിപക്ഷം

Wednesday 04 August 2021 12:42 AM IST

ന്യൂഡൽഹി:പെഗസസ് വിഷയത്തിൽ കേന്ദ്രസർക്കാരിനെ സമ്മർദ്ദത്തിലാക്കുന്ന പ്രതിപക്ഷ നേതാക്കൾ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ധനവില വർദ്ധനവിൽ പ്രതിഷേധിക്കാൻ പാർലമെന്റിലേക്ക് സൈക്കിൾ ചവിട്ടിയെത്തി. രാഹുൽ ആതിഥേയനായ പ്രാതൽ യോഗത്തിനു ശേഷമായിരുന്നു സൈക്കിൾ പ്രതിഷേധം. 15 പ്രതിപക്ഷ പാർട്ടികൾ പങ്കെടുത്തു. ബി.എസ്.പി, ആംആദ്മി പാർട്ടി തുടങ്ങിയവ വിട്ടുനിന്നു.

പെഗസസ്, കർഷക സമരം, ഇന്ധനവില വർദ്ധന തുടങ്ങിയ വിഷയങ്ങളിൽ ചർച്ചയ്ക്ക് തയ്യാറാകാത്ത കേന്ദ്രത്തിനെതിരെ ഒന്നിച്ചുനിൽക്കാൻ യോഗത്തിൽ ധാരണയായി. ഒന്നിച്ചു നിന്ന് ജനങ്ങൾക്കായി ശബ്‌ദമുയർത്തിയാൽ ബി.ജെ.പിക്ക് അടിച്ചമർത്താൻ ബുദ്ധിമുട്ടാകുമെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.

ഇന്ധന, എൽ.പി.ജി വിലവർദ്ധനയിൽ പ്രതിഷേധിക്കാൻ പാർലമെന്റിലേക്ക് സൈക്കിളിൽ പോകാനുള്ള രാഹുലിന്റെ നിർദ്ദേശം നേതാക്കൾ അംഗീകരിച്ചു. പാർലമെന്റിന് വെളിയിൽ ബദൽ സമ്മേളനം വിളിക്കാനുള്ള നിർദ്ദേശവും ചർച്ചയായി. കേന്ദ്രസർക്കാരിന്റെ ജനാധിപത്യ,​ ജനവിരുദ്ധ നയങ്ങൾ തുറന്നുകാട്ടണമെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.

യോഗത്തിന് ശേഷം കോൺസ്റ്റിറ്റ്യൂഷൻ ക്ളബിന് മുന്നിൽ നിന്ന് പാർലമെന്റിലേക്ക് തിരക്കേറിയ റോഡിലൂടെ രാഹുലും നേതാക്കളും സൈക്കിൾ ചവിട്ടി. സി.ആർ.പി.എഫ് രാഹുലിന് ചുറ്റും വലയം തീർത്തു. കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രാഹുൽ നേരത്തേ പാർലമെന്റിലേക്ക് ട്രാക്ടർ ഓടിച്ചിരുന്നു.

കോൺഗ്രസ്, എൻ.സി.പി, തൃണമൂൽ, ശിവസേന, ഡി.എം.കെ, ആർ.ജെ.ഡി, എസ്.പി, സി.പി.എം, സി.പി.ഐ, മുസ്ളീംലീഗ്, ആർ.എസ്.പി, കേരളകോൺഗ്രസ്, ജെ.എം.എം, നാഷണൽ കോൺഫറൻസ്, എൽ.ജെ.ഡി തുടങ്ങിയ പാർട്ടികളുടെ നേതാക്കൾ യോഗത്തിനെത്തിയപ്പോൾ ബി.എസ്.പിക്കും ആംആദ്മിപാർട്ടിക്കും പുറമെ ജെ.ഡി.എസ്, അകാലിദൾ, ബി.ജെ.ഡി, വൈ.എസ്.ആർ കോൺഗ്രസ്, ടി.ആർ.എസ്, പി.ഡി.പി, എ.ഐ.എം.ഐ.എം തുടങ്ങിയ പ്രതിപക്ഷ പാർട്ടികളുടെ പ്രതിനിധികളും വിട്ടു നിന്നു. പാർലമെന്റിൽ കേന്ദ്രത്തിനെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി നിൽക്കുന്നുണ്ടെന്നായിരുന്നു യോഗത്തിൽ പങ്കെടുക്കാതിരുന്നതിന് ആംആദ്മി പാർട്ടിയും ബി.എസ്.പിയും നൽകിയ വിശദീകരണം.

Advertisement
Advertisement