പാറശാല ഗവ. ആശുപത്രിയിലെ ഡോക്ടറെ ഗുണ്ടാസംഘം മർദ്ദിച്ചു
പാറശാല: മദ്യപിച്ചെത്തിയ ആറംഗ ഗുണ്ടാസംഘം ഗവ. ആശുപത്രി അത്യാഹിത വിഭാഗത്തിലെ ഡോക്ടറെ മർദ്ദിച്ചു. ചീഫ് മെഡിക്കൽ ഓഫീസർ ഡോ. സനോജിന് നേരെയാണ് ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രിയിൽ 11നാണ് സംഭവം. കാരോട് അയിര കൃഷ്ണവിലാസത്തിൽ സജിൻ (26),പ്ലാമൂട്ടുക്കട നല്ലൂർവട്ടം ചെമ്മൺതട്ട് വിളയിൽ അരുൺ (28), പ്ലാമൂട്ടുക്കട നെടിയവിള പുതുവൽ പുത്തൻവീട്ടിൽ രാഹുൽ (24), കാരോട് കല്ലനാട്ട് വിള വീട്ടിൽ വിജയ് (24) എന്നിവർ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി.
സംഘത്തിലെ ഒരാളുടെ കൈയിലെ മുറിവിന് ചികിത്സ തേടിയാണ് ഇവരെത്തിയത്. മാസ്ക് ധരിക്കാതെ അകത്തേക്ക് കടത്തിവിടില്ലെന്നു പറഞ്ഞ സെക്യൂരിറ്റി ഉദ്യോഗസ്ഥനെ മർദ്ദിക്കുന്നതറിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് ഡോക്ടറെ ഇവർ മർദ്ദിച്ചത്. പ്രതികൾ ഡോക്ടറെ തറയിലേക്ക് ചവിട്ടിയിടുകയായിരുന്നു. ഡോക്ടറുടെ തലയിലും മുതുകിലും ക്ഷതമേറ്റിട്ടുണ്ട്. വിവരമറിഞ്ഞ് ആശുപത്രിയിലെ ജീവനക്കാരെത്തിയപ്പോഴേക്കും അക്രമികൾ ഓടിരക്ഷപ്പെട്ടു.
വിവരമറിഞ്ഞെത്തിയ പാറശാല പൊലീസ് തെളിവുകൾ ശേഖരിച്ചെങ്കിലും പ്രതികളെ കണ്ടെത്താൻ ശ്രമിച്ചില്ലെന്ന് ആരോപിച്ച് ഡോക്ടർമാർ പ്രതിഷേധിച്ചു.
പ്രതികളെ അറസ്റ്റുചെയ്തില്ലെങ്കിൽ സമരം തുടങ്ങുമെന്ന് എം.എൽ.എ, കളക്ടർ, ഡിവൈ.എസ്.പി തുടങ്ങിയവരെ ഡോക്ടർമാർ അറിയിച്ചതോടെയാണ് ഇന്നലെ രാവിലെ പ്രതികൾക്കായി തെരച്ചിൽ തുടങ്ങിയത്. പിന്നാലെ പ്രതികളിൽ നാലുപേരെ പാറശാല സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത് നാലാംതവണയാണ് മദ്യപിച്ചെത്തുന്ന ഗുണ്ടാസംഘം ആശുപത്രി ജീവനക്കാരെ മർദ്ദിക്കുന്നത്.