വാക്സിൻ നിർമ്മാണം വേഗത്തിലാക്കാൻ കേന്ദ്രം, നാല് കമ്പനികൾ കൂടി ഉത്പാദനം തുടങ്ങും
ന്യൂഡൽഹി: രാജ്യത്തെ ജനങ്ങൾക്ക് അതിവേഗത്തിൽ കൊവിഡ് വാക്സിൻ നൽകാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ഒക്‌ടോബർ-നവംബർ മാസത്തിനുള്ളിൽ നാലോളം സ്വകാര്യ കമ്പനികൾ വാക്സിൻ ഉത്പാദനം തുടങ്ങുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചു. ഇതുവരെ 47 കോടി ഡോസ് വാക്സിൻ നൽകിയിട്ടുണ്ട്. ബയോളജിക്കൽ ഇ, നോവാർട്ടിസ്, സിഡസ് കാഡില വാക്സിനുകൾക്ക് വൈകാതെ അനുമതി ലഭിക്കും. നിലവിൽ ഭാരത് ബയോടെക്, സീറം ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയാണ് സർക്കാരിന് വാക്സിൻ നൽകുന്നത്. സ്പുട്നിക് വാക്സിനും സർക്കാറിന് ഉടൻ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. രാജ്യത്ത് നിലവിൽ അനുമതി ലഭിച്ചിട്ടുള്ള കൊവിഷീൽഡിന്റെ പ്രതിമാസ ഉത്പാദനം 120 മില്യൺ ഡോസുകളായും കൊവാക്സിന്റേത് 58 മില്യൺ ഡോസായും ഡിസംബറോടെ വർദ്ധിപ്പിക്കും. വാക്സിൻ മിക്സിംഗ്
സ്ഫുട്നിക്, കൊവിഷീൽഡ് വാക്സിനുകൾ തമ്മിൽ ഇടകലർത്തി നൽകുന്നതിനുള്ള അനുമതി കേന്ദ്ര സർക്കാർ നൽകിയേക്കുമെന്ന് റിപ്പോർട്ട്. അനുമതി ലഭിച്ചാൽ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് രണ്ടാം ഡോസ് വാക്സിൻ ഏത് വേണമെന്ന് തീരുമാനിക്കാൻ സാധിക്കും.
ഇതുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം കൂടുതൽ പരീക്ഷണങ്ങൾക്ക് ശേഷമായിരിക്കും. വാക്സിൻ ഇടകലർത്തി നൽകുന്നത് സുരക്ഷിതമാണെന്നതിന് പുറമെ, ശക്തമായ പ്രതിരോധ ശേഷിയും ഉണ്ടാക്കുന്നുണ്ട്. ഇത്തരത്തിൽ വാക്സിൻ നൽകുന്നതിലൂടെ രാജ്യത്തെ വാക്സിൻ ക്ഷാമത്തെ നേരിടാനാകും. എന്നാൽ ശാസ്ത്രീയ തെളിവുകൾ പരിഗണിച്ച ശേഷം മാത്രമായിരിക്കും അന്തിമ തീരുമാനമെടുക്കുക.
രണ്ടാം ഡോസ് വാക്സിൻ പെട്ടെന്ന് ലഭിക്കാത്തവർക്കും ആദ്യം എടുത്ത വാക്സിൻ തന്നെ രണ്ടാം ഡോസായി ലഭിക്കാത്തവർക്കും ഇത്തരത്തിൽ ഇടകലർത്തി ഡോസുകൾ സ്വീകരിക്കാൻ അനുമതി നൽകുന്നത് ഏറെ സഹായകരമാകും.
എൻ.കെ. അറോറ, എൻ.ടി.എ.ജി.ഐ ചെയർമാൻ