പാർലമെന്റിലെ ദുരവസ്ഥ

Wednesday 04 August 2021 12:00 AM IST

മൂന്നാം ആഴ്ചയിലേക്കു കടന്നിട്ടും പാർലമെന്റിന്റെ ഇരുസഭകൾക്കും ഒരുദിവസം പോലും ക്രിയാത്മകമായി പ്രവർത്തിക്കാൻ കഴിഞ്ഞിട്ടില്ല. സമ്മേളനം നടന്ന പത്തു പ്രവൃത്തി ദിനങ്ങൾ പൂർണമായും പാഴായെന്നു പറയാനാകില്ല. കാരണം വൻ ബഹളങ്ങൾക്കിടയിലും ഒരു ഡസനോളം ബില്ലുകൾ അപ്പം പോലെ ചുട്ടെടുക്കാൻ സാധിച്ചു. ഇവയെല്ലാം അതീവ പ്രാധാന്യമുള്ളതും ജനങ്ങളറിയേണ്ട കാര്യങ്ങൾ ഉൾക്കൊള്ളുന്നതുമാണ്. എന്നാൽ ചർച്ചയൊന്നും കൂടാതെ അവ പാർലമെന്റ് കടന്നുപോയതിനാൽ ഉള്ളടക്കമെന്തെന്ന് ആരും അറിയുന്നില്ല. ചർച്ചകളും സംവാദങ്ങളും നടക്കേണ്ട സ്ഥാനത്ത് കൂക്കുവിളികളും മുദ്രാവാക്യം വിളികളും കൈയേറ്റ ശ്രമങ്ങളുമൊക്കെയായിരിക്കുന്നു.

വിവാദവിഷയങ്ങൾ ചർച്ച ചെയ്യാൻ സർക്കാർപക്ഷം തുടർച്ചയായി അനുമതി നിഷേധിക്കുന്ന പശ്ചാത്തലത്തിൽ പ്രതിപക്ഷ നേതാക്കളുടെ 'സമാന്തര' പാർലമെന്റ് വിളിച്ചുകൂട്ടി സർക്കാരിൽ സമ്മർദ്ദം ചെലുത്താനുള്ള ശ്രമമാണ് കണ്ടത്. രാഹുൽഗാന്ധി വിളിച്ചുചേർത്ത പ്രതിപക്ഷകക്ഷി നേതാക്കളുടെ ആലോചനാ യോഗത്തിൽ പ്രമുഖനേതാക്കൾ പങ്കെടുത്തിരുന്നു. പാർലമെന്റ് വർഷകാല സമ്മേളനത്തിനായി ചേരുന്നതിനു തലേന്ന് പ്രത്യക്ഷപ്പെട്ട 'പെഗസസ്' വിഷയത്തെച്ചൊല്ലിയാണ് പ്രധാനമായും സർക്കാരും പ്രതിപക്ഷവും പാർലമെന്റിൽ തുടർച്ചയായ ഏറ്റുമുട്ടൽ നടക്കുന്നത്. വിഷയം സഭ ചർച്ചചെയ്തേ മതിയാവൂ എന്ന പ്രതിപക്ഷ ആവശ്യത്തിനു വഴങ്ങാൻ സർക്കാർ മടികാട്ടുന്നു. ചർച്ച അനുവദിക്കുന്നതിലൂടെ തീർക്കാനാവുന്ന ഒരു വിഷമസന്ധി എന്തിനിങ്ങനെ നീട്ടിക്കൊണ്ടുപോകുന്നെന്ന് വിവേകമതികൾ ചോദിക്കുന്നുണ്ട്. ഒളിക്കാൻ രഹസ്യമൊന്നുമില്ലെങ്കിൽ ചർച്ചയ്ക്കു വിസമ്മതിക്കുന്നതെന്തെന്ന പ്രതിപക്ഷത്തിന്റെ ചോദ്യവും പ്രസക്തമാണ്.

ലോക്‌സഭ തിങ്കളാഴ്ച പാസാക്കിയ ഇൻഷ്വറൻസ് ഭേദഗതി ബില്ലും രാജ്യസഭ ഒരു മിനിട്ടുകൊണ്ടു പാസാക്കിയെടുത്ത ഉൾനാടൻ നൗക ബില്ലും അതീവ പ്രാധാന്യമുള്ള നിയമനിർമ്മാണങ്ങളാണ്. പറഞ്ഞിട്ടെന്തുകാര്യം. ഒരുവിധ ചർച്ചയും കൂടാതെയാണ് രണ്ടു ബില്ലുകളും സഭ കടന്നത്. നടപടികൾ സുഗമമായി നടത്താൻ അനുവദിക്കില്ലെന്ന പ്രതിപക്ഷ നിലപാട് ഫലത്തിൽ സർക്കാരിനു തുണയാവുകയാണ്. എതിരിടൽ എന്ന എളുപ്പവഴിയിലൂടെ മാത്രം പോകാതെ മദ്ധ്യമാർഗം കണ്ടുപിടിക്കാൻ പ്രതിപക്ഷത്തിന് കഴിയുന്നില്ല. തലമുതിർന്ന നേതാക്കൾ ഇടപെട്ട് ഏതു ദുർഘടപ്രശ്നത്തിനും അനുരഞ്ജനത്തിന്റെ വഴി കണ്ടുപിടിക്കുമായിരുന്നു മുൻകാലങ്ങളിൽ. രാഷ്ട്രീയ നേതൃത്വങ്ങളുടെ പരാജയമാണ് ഇപ്പോഴത്തെ വിവാദങ്ങളിൽ നിഴലിക്കുന്നത്. എന്നേ നിയമമായിക്കഴിഞ്ഞ കാർഷിക ബില്ലുകൾ ഉയർത്തിപ്പിടിച്ചുവരെ പാർലമെന്റ് സമ്മേളനം തുടർച്ചയായി അടിച്ചുകലക്കുന്നതിലെ നിരർത്ഥകത പോലും പലർക്കും മനസിലാകുന്നില്ല.

Advertisement
Advertisement