493 റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഇന്ന് തീരും

Wednesday 04 August 2021 12:34 AM IST

തിരുവനന്തപുരം: ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിന്റെ കാലാവധി ദീർഘിപ്പിക്കുന്നതിനെതിരെ പി.എസ് .സി നൽകിയ അപ്പീൽ ഹൈക്കോടതി അംഗീകരിച്ചതോടെ, നാളെ അവസാനിക്കുന്ന 493 റാങ്ക് ലിസ്റ്റുകളിലുമായി അവശേഷിക്കുന്ന ഉദ്യോഗാർത്ഥികളുടെ അവസാന പ്രതീക്ഷയും അസ്തമിച്ചു.

ഭരണഘടനാ ബാദ്ധ്യത നിറവേറ്റാനാണ് അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചതെന്ന വാദം പി.എസ്‌.സി ഉയർത്തുമ്പോഴും, കൊവിഡ് കാരണം മുടങ്ങിയ നിയമനങ്ങളും , ലിസ്റ്റിന്റെ കാലാവധി നീട്ടിയ ശേഷം തിരഞ്ഞെടുപ്പിനെ തുടർന്ന് ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിലുണ്ടായ മെല്ലെപ്പോക്കും കാരണം അവസരം നഷ്ടപ്പെട്ടവർ നിരവധിയാണ്.

എൽ.ജി.എസ് റാങ്ക് ലിസ്റ്റിൽ നിയമനം പ്രതീക്ഷിച്ചിരുന്നവരിലേറെയും പ്രായപരിധി കഴിഞ്ഞവരാണ്. പലർക്കും മറ്റൊരു ലിസ്റ്റിലും പേരില്ല. അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യുണൽ വിധി വന്നപ്പോൾ ആശ്വാസത്തിലായിരുന്നവരാണ് ഇപ്പോൾ കാലിടറി വീണത്. ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് റാങ്ക് ലിസ്റ്റിൽ 14 ജില്ലകളിലായി 46,285 പേരെയാണ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. ഇതിൽ 6,984 പേരെയാണ് നിയമന ശുപാർശ ചെയ്തത്.മുൻ ലിസ്റ്റിൽ നിന്ന് 11,455 പേർക്ക് നിയമന ശുപാർശ ലഭിച്ച സ്ഥാനത്താണിത്. 500 ലധികം ഒഴിവുകളാണ് ഇനിയുള്ളതെന്ന് കഴിഞ്ഞ ദിവസം പി.എസ്.സി അറിയിച്ചിരുന്നു. പിച്ചയെടുത്തും മുടിമുറിച്ചും മുട്ടിലിഴഞ്ഞും ഉദ്യോഗാർത്ഥികൾ നടത്തിയ സമരം സമീപകാലത്ത് കേരളം കണ്ട ഏറ്റവും ശക്തമായ തൊഴിൽ സമരമായിരുന്നു . വനിതാ സി.പി.ഒ,അദ്ധ്യാപക നിയമനം കാക്കുന്ന ഉദ്യോഗാർത്ഥികൾ ഇപ്പോഴും സമരത്തിലാണ്.