എണ്ണ ടാങ്കർ ആക്രമണം :  ഇറാൻ അംബാസിഡറെ വിളിപ്പിച്ച് ബ്രിട്ടൺ

Wednesday 04 August 2021 12:26 AM IST

ടെൽ അവീവ് : ഒമാൻ തീരത്തിനടുത്ത് ഇസ്രായേൽ ഉടമസ്ഥതയിലുള്ള എണ്ണ ടാങ്കർ എം.വി മെർസർ സ്ട്രീറ്റ് ആക്രമിക്കപ്പെട്ട സംഭവത്തിൽ ഇറാനുമായി ഇടഞ്ഞ് ബ്രിട്ടൺ. ആക്രമണത്തിന് പിന്നാലെ ഇറാൻ അംബാസഡറെ വിളിച്ചുവരുത്തി ബ്രിട്ടൻ വിശദീകരണം ആവശ്യപ്പെട്ടു.

സംഭവത്തിൽ ബ്രിട്ടീഷ് സുരക്ഷ ഗാർഡും റുമേനിയൻ നാവികനും കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തിനു പിന്നിൽ ഇറാനാണെന്നാണ് ഇസ്രായേലിന്റേയും ബ്രിട്ടണിന്റേയും ആരോപണം. യു.എസും ഇറാനെതിരെ രംഗത്തുവന്നിരുന്നു.
അന്താരാഷ്ട്ര സുരക്ഷക്കും സമാധാനത്തിനും വെല്ലുവിളിയാകുന്ന പ്രവർത്തനങ്ങൾ ഇറാൻ നിർത്തണമെന്നും കപ്പലുകളെ സുരക്ഷിതമായി സഞ്ചരിക്കാൻ അനുവദിക്കണമെന്നും ബ്രിട്ടൻ ആവശ്യപ്പെട്ടു. ഇസ്രായേൽ ശതകോടീശ്വരൻ ഇയാൽ ഒഫെറിന്റ ഉടമസ്ഥതയിലുള്ള സോർഡിയാക് മാരിടൈം കമ്പനിയുടെതാണ് എം.ടി മെർസർ സ്ട്രീറ്റ്. എന്നാൽ ആക്രമണത്തിൽ ഇറാന് പങ്കില്ലെന്നും വ്യക്തമായ തെളിവുകളില്ലാതെ ഇറാനെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നത് ലോകരാജ്യങ്ങൾ അവസാനിപ്പിക്കണമെന്നും ഇറാൻ ആവശ്യപ്പെട്ടു.

Advertisement
Advertisement