അകിറ മിയാവാക്കിയുടെ ഓർമ്മകളുമായി കനകക്കുന്നിലെ ചെറുവനം

Wednesday 04 August 2021 2:40 AM IST

തിരുവനന്തപുരം: പച്ചപുതച്ച കനകക്കുന്നിലെ മിയാവാക്കി വനം ഇനി വിഖ്യാത ജാപ്പനീസ് പരിസ്ഥിതി സസ്യശാസ്ത്രജ്ഞൻ അകിറ മിയാവാക്കിയുടെ ഓർമ്മകളായി മാറും. പ്രൊഫ. അകിറ മിയാവാക്കിയുടെ വന നിർമ്മാണ മാതൃക അനുസരിച്ച് നട്ടുപിടിപ്പിച്ച വനത്തിന് രണ്ടുവർഷമാണ് പഴക്കം. അഞ്ചുസെന്റ് സ്ഥലത്ത് തിങ്ങിനിറഞ്ഞു നിൽക്കുന്ന 426 ചെടികൾ ടൂറിസം വകുപ്പാണ് നട്ടുപിടിപ്പിച്ചത്.

2019 ജനുവരിയിൽ അന്ന് മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രനാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. വിനോദ സഞ്ചാര വകുപ്പിനുവേണ്ടി നേച്ചേഴ്സ് ഗ്രീൻ ഗാർഡിയൻസ് ഫൗണ്ടേഷൻ, ഇൻവീസ് മൾട്ടി മീഡിയ പ്രൈ. മി, കൾചർ ഷോപ്പി പ്രൈ. ഓർഗാനിക് കേരള മിഷൻ സൊസൈറ്റി തുടങ്ങിയ സ്ഥാപനങ്ങൾ സാമൂഹിക ഉത്തരവാദിത്ത പരിപാടിയുടെ ഭാഗമായിട്ടാണ് ഈ മാത‍ൃകാ സൂക്ഷ്‌മ വനം ഒരുക്കിയത്.

ഒരു പ്രദേശത്ത് സ്വാഭാവികമായി വളരുന്ന സസ്യങ്ങൾ മാത്രം നട്ടുവളർത്തണമെന്നതാണ് മിയാവാക്കി രീതിയുടെ അടിസ്ഥാന തത്വം. എന്നാൽ ഇവിടെ 10 ശതമാനം അധിനിവേശ സസ്യങ്ങളുമുണ്ട്. പക്ഷികൾക്ക് ഭക്ഷണത്തിനും മറ്റുമായാണ് അങ്ങനെ ചെയ്തിരിക്കുന്നത്. ജൈവ മിശ്രിതത്തിലാണ് ഇവ നട്ടത്. പിന്നീട് വളമോ കീടനാശിനികളോ ഉപയോഗിച്ചിട്ടില്ല. താന്നി, ആര്യവേപ്പ്, രാമച്ചം, നൊച്ചി, നീർമാതളം, എല്ലൂറ്റിപ്പച്ച, പലകപ്പയ്യാനി, വയ്യാങ്കഥ, അരയാൽ, പേരാൽ, ചമത, അശോകം എന്നിവയാണ് ഇവിടെ നട്ടുവളർത്തിയ സസ്യങ്ങൾ. 80ലധികം മിയാവാക്കി കാടുകളാണ് സംസ്ഥാനത്തിന്റെ വിവിധ മേഖലകളിലുള്ളത്.

മൂന്നുവർഷം പിന്നിട്ട തലസ്ഥാനത്തെ

ചെറുവന മാതൃക

2018 ജനുവരിയിൽ പുളിയറക്കോണം മൂന്നാംമൂട്ടിലെ മൂന്നുസെന്റിൽ ഇൻവിസ് മൾട്ടിമീഡിയ എം.ഡി എം.ആർ. ഹരി തിരുവനന്തപുരത്ത് ആദ്യമായി മിയാവാക്കി മാതൃകയിൽ 500ഓളം സസ്യങ്ങൾ ഉൾപ്പെടുത്തി ചെറുവനമൊരുക്കി. ഇപ്പോൾ ഈ മരങ്ങൾക്ക് 30 അടിക്ക് മുകളിൽ പൊക്കമായിട്ടുണ്ട്.