ത്രിപുരയിൽ ഭീകരാക്രമണം, രണ്ട് ജവാന്മാർക്ക് വീരമൃത്യു

Wednesday 04 August 2021 2:41 AM IST

അഗർത്തല: ത്രിപുരയിലെ ഇന്ത്യ - ബംഗ്ളാദേശ് അതിർത്തിയിൽ ഭീകരരുടെ ഒളിയാക്രമണത്തിൽ അതിർത്തി രക്ഷാസേനയിലെ രണ്ട് ജവാൻമാർക്ക് വീരമൃത്യു. ഇന്നലെ രാവിലെ 6.30ഓടെ ദലായി ജില്ലയിലെ അതിർത്തിയോട് ചേർന്ന് പട്രോളിംഗ് ഡ്യൂട്ടിയിലുള്ള ജവാന്മാരെ ഭീകരർ ഒളിഞ്ഞിരുന്ന് അക്രമിക്കുകയായിരുന്നു. സബ് ഇൻസ്‌പെക്ടർ ഭുരു സിംഗ്, കോൺസ്റ്റബിൾ രാജ്കുമാർ എന്നിവരാണ് വീരമൃത്യു വരിച്ചത്.

നിരോധിത സംഘടനയായ നാഷണൽ ലിബറേഷൻ ഫണ്ട് ഒഫ് ത്രിപുരയാണ് (എൻ.എൽ.എഫ്.ടി) ആക്രമണത്തിന് പിന്നിലെന്നാണ് വിവരം.

ജവാന്മാരെ കൊലപ്പെടുത്തിയ ശേഷം അവരുടെ ആയുധങ്ങൾ കൈക്കലാക്കിയാണ് ഭീകരർ രക്ഷപ്പെട്ടത്. ഇവർ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി കടന്നുവെന്നാണ് വിവരം. പ്രദേശത്ത് സുരക്ഷാസേന തെരച്ചിൽ വ്യാപകമാക്കി.