വ്യാജ തിരിച്ചറിയൽ കാർഡ്, എയർഗൺ; പൊലീസിനെ വട്ടംകറക്കിയ 'ഡി വൈ എസ് പി' ഒടുവിൽ പിടിയിൽ

Wednesday 04 August 2021 10:16 AM IST

കുമളി: പൊലീസിനെ വട്ടം കറക്കിയ വ്യാജ ഡി വൈ എസ് പി ഒടുവിൽ പിടിയിൽ. തമിഴ്‌നാട് സ്വദേശി സി.വിജയൻ (41) ആണ് കേരള പൊലീസിന്റെ സമയോചിതമായ ഇടപെടലിൽ പിടിയിലായത്. ഡിണ്ടിഗൽ ജില്ലയിലെ പട്ടിവീരൻപെട്ടിയിൽ നിന്നാണ് ഇയാൾ തമിഴ്‌നാട് പൊലീസിന്റെ പിടിയിലായത്.

പൊലീസ് എന്നെഴുതിയ വാഹനത്തിൽ കഴിഞ്ഞ ദിവസമാണ് ഇയാൾ കേരളത്തിലെത്തിയത്. തുടർന്ന് കട്ടപ്പന സ്റ്റേഷനിലെത്തി ഡിവൈഎസ്പി വി.എ.നിഷാദ് മോനെ പരിചയപ്പെട്ടു. ഇയാൾ പൊലീസ് സ്‌റ്റേഷന്റെ ചിത്രം ഫോണിൽ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ട ഡി വൈ എസ് പിയ്ക്ക് സംശയം തോന്നി. തുടർന്ന് തമിഴ്‌നാട് പൊലീസുമായി ബന്ധപ്പെട്ടപ്പോഴാണ് ഇങ്ങനെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഇല്ലെന്ന് മനസിലായത്.

ഇതിനിടെ ഇയാൾ തിരിച്ച് തമിഴ്‌നാട്ടിലേക്ക് കടന്നിരുന്നു. കേരള പൊലീസ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഡിണ്ടിഗൽ ജില്ലയിൽ വച്ച് വിജയനെ തമിഴ്‌നാട് പൊലീസ് പിടികൂടിയത്. ഇയാളിൽ നിന്ന് രണ്ട് മൊബൈൽ ഫോണുകൾ, തമിഴ്‌നാട് പൊലീസിന്റെ വ്യാജ തിരിച്ചറിയൽ കാർഡ്, പിസ്റ്റൾ രൂപത്തിലുള്ള എയർഗണ്ണും ഒരു ജോടി പൊലീസ് യൂണിഫോമും കണ്ടെടുത്തു.