12 പേർ ആശുപത്രിയിൽ വനിതാ ഹോസ്റ്റലിൽ ഭക്ഷ്യ വിഷബാധ

Wednesday 04 August 2021 1:53 PM IST

കാസർകോട്: ഉന്നത ഉദ്യോഗസ്ഥകൾ അടങ്ങുന്ന സർക്കാർ ജീവനക്കാരും വിദ്യാർത്ഥികളും താമസിക്കുന്ന വനിതാ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. ഭക്ഷണത്തിൽ വിഷാംശം കലർന്നതിനെ തുടർന്ന് ആരോഗ്യനില വഷളായി 12 വിദ്യാർത്ഥിനികൾ ആശുപത്രിയിൽ ചികിത്സ തേടി. കാസർകോട് ഉദയഗിരിയിലെ വനിതാ ഹോസ്റ്റലിൽ താമസിക്കുന്ന ജനറൽ ആശുപത്രിയിലെ നഴ്‌സിംഗ് സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥിനികൾക്കാണ് ഭക്ഷണം കഴിച്ചപ്പോൾ മുതൽ അസ്വസ്ഥത അനുഭവപ്പെട്ടത്.

കഴിഞ്ഞ ദിവസം രാവിലെ ചായയുടെ കൂടെ കഴിക്കാൻ നൽകിയ ഉണ്ട പോലുള്ള പലഹാരവും ഉച്ചയ്‌ക്കുള്ള ചോറും കഴിച്ചപ്പോൾ ആണ് പ്രശ്നങ്ങൾ തുടങ്ങിയതെന്ന് ഹോസ്റ്റലിലെ താമസക്കാർ പറഞ്ഞു. വനിതാ ഹോസ്റ്റലിലെ മുഴുവൻ താമസക്കാർക്കും ഭക്ഷണം പാചകം ചെയ്ത് എത്തിച്ചുകൊടുക്കുന്നത് ഒരു സ്ത്രീയുടെ നേതൃത്വത്തിലാണ്. തീരെ നിലവാരം കുറഞ്ഞ ഭക്ഷണമാണ് കുടുംബശ്രീയുടെ പേരിൽ കൊണ്ടുവന്നു നൽകുന്നതെന്ന് വനിതാ ഉദ്യോഗസ്ഥർ പരാതിപ്പെടുന്നു. പ്രതിദിനം 120 രൂപയാണ് ഒരാളിൽ നിന്ന് ഭക്ഷണത്തിനായി വാങ്ങിക്കുന്നത്. വനിതാ ഹോസ്റ്റലിൽ ആകെയുള്ള 88 താമസക്കാർക്കും ഭക്ഷണം നൽകുന്നത് 120 തോതിൽ വാങ്ങിച്ചാണ്. രാവിലെ ചായയും പലഹാരവും ഉച്ചക്കുള്ള ഊണും രാത്രി കഴിക്കാനുള്ളതുമാണ് നൽകുക.

ഉച്ചയ്ക്ക് നൽകിയ ചോറ് തന്നെയാണ് ചൂടാക്കി രാത്രി എത്തിച്ചു തരുന്നതെന്നാണ് ഇവർക്കുള്ള പരാതി. ഇത്രയും താമസക്കാർ ഉണ്ടായിരുന്നിട്ടും ഹോസ്റ്റലിൽ നിന്ന് തന്നെ ഭക്ഷണം പാചകം ചെയ്തു നൽകാൻ കുക്കിനെ ഏർപ്പാട് ചെയ്തുതരണമെന്ന ആവശ്യം ഉന്നയിച്ചിട്ട് നാളുകളായി. ഇതുവരെ നടപടി ഉണ്ടായിട്ടില്ല. മൂന്നും രണ്ടും നിലകളുള്ള രണ്ടു കെട്ടിടമാണ് വനിതാ ഹോസ്റ്റലിലുള്ളത്. ഇതിൽ 120 മുറികളുണ്ട്. തുടക്കത്തിൽ താമസക്കാർ കുറവായത് കാരണം വാഗ്ദാനങ്ങളൊന്നും പാലിക്കാൻ അധികൃതർ തയ്യാറായിരുന്നില്ല. എന്നാൽ ഇപ്പോൾ 88 താമസക്കാർ ഉണ്ടായിട്ടും വനിതാ ഹോസ്റ്റലിനെ ആരും തിരിഞ്ഞുനോക്കുന്നില്ല.

മുഖ്യമന്ത്രിക്കും എം.എൽ.എയ്‌ക്കും പുതിയ ജില്ലാ കളക്ടർക്കും നിവേദനം നൽകിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് പരാതി. വാടക, വൈദ്യുതി ചാർജ്, വെള്ളത്തിന്റെ ചാർജ് തുടങ്ങിയതെല്ലാം പറഞ്ഞു വൻ തുകയാണ് ജീവനക്കാരികളിൽ നിന്നും ഈടാക്കുന്നത്. മാസം തോറും 2250 രൂപയോളം ഓരോ താമസക്കാരിൽ നിന്നും പിരിക്കുന്നുണ്ടെന്ന് വനിതാ ഹോസ്റ്റലിലെ അന്തേവാസികൾ പരാതിപ്പെട്ടു. 638 രൂപയാണ് വാടക എന്നാണ് പറഞ്ഞിരുന്നത്. ബാക്കി തുക അനുബന്ധ ചിലവുകളാണത്രെ. ഇതിന് പുറമെയാണ് 3600 ഓളം ഭക്ഷണത്തിനും നൽകുന്നത്. സർക്കാർ ജീവനക്കാരികൾക്ക് ബാദ്ധ്യതയായി മാറുകയാണ് ഉദയഗിരിയിലെ വനിതാ ഹോസ്റ്റൽ എന്നാണ് ആക്ഷേപം.

ബൈറ്റ്

ബീറ്റ് റൂട്ട്, കാബേജ് എന്നിവ കൊണ്ടുള്ള തോരൻ അല്ലാതെ ഇന്നുവരെ കിട്ടിയിട്ടില്ല. ഒരു ഏത്തക്ക ആറായി മുറിച്ചാണ് പലഹാരം ഉണ്ടാക്കി തരുന്നത്. കൊവിഡ് കാലത്ത് തങ്ങളാരും ഇവിടെ ഇല്ലാതിരുന്നിട്ടും ഭക്ഷണത്തിന്റെ കാശ് മുറപോലെ വാങ്ങിച്ചിരുന്നു. ആർക്ക് പരാതി കൊടുത്തിട്ടും രക്ഷയില്ലാതായി.

ഉന്നത ഉദ്യോഗസ്ഥ

ഉദയഗിരി സർക്കാർ വനിതാ ഹോസ്റ്റൽ

Advertisement
Advertisement