അഫ്‌ഗാനിൽ താലിബാൻ വിയർക്കുന്നു, സർക്കാരിനെ അനുകൂലിച്ച് ആയുധങ്ങളുമായി തെരുവിലിറങ്ങിയത് പതിനായിരങ്ങൾ, സ്ത്രീകളും ആയുധമെടുക്കുന്നു
കാബൂൾ:അഫ്‌ഗാനിസ്ഥാൻ എളുപ്പത്തിൽ പിടിച്ചടക്കാമെന്ന താലിബാന്റെ മോഹങ്ങൾക്ക് കനത്ത തിരിച്ചടി നൽകി ജനങ്ങൾ. സ്വന്തം ജീവൻ തൃണവത്ഗണിച്ചുകൊണ്ട് ആയുധവുമെടുത്ത് തെരുവിലിറങ്ങിയ ജനങ്ങളുടെ തോക്കിനിരയായത് നൂറുകണക്കിന് താലിബാൻ ഭീകരരാണ്. പടിഞ്ഞാറൻ അഫ്‌ഗാൻ നഗരമായ ഹെറാറ്റിലെ തെരുവിൽ രൂക്ഷമായ പോരാട്ടമാണ് നടക്കുന്നത്.താലിബാൻ പിടിച്ചെടുത്ത ചില പ്രദേശങ്ങൾ ജനങ്ങളുടെ സഹായത്തോടെ സൈന്യം തിരിച്ചുപിടിച്ചതായും റിപ്പോർട്ടുണ്ട്. സർക്കാരിനെ അനുകൂലിച്ച് പതിനായിരങ്ങളാണ് തെരുവിലിറങ്ങിയത്
താലിബാന്റെ മുൻ ഭരണത്തിലെ കൊടും ക്രൂരതകളാണ് ആയുധമെടുക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നത്. ആരുടെയും ആഹ്വാനമില്ലാതെയാണ് അവർ അതിന് തയ്യാറാവുന്നത്. 1980 ൽ രാജ്യത്ത് കടന്നുകയറിയ സോവിയറ്റ് യൂണിയന്റെ സൈന്യത്തെ പുറത്താക്കാനായിരുന്നു അഫ്‌ഗാനിലെ ജനങ്ങൾ ഇതിനുമുമ്പ് ആയുധമെടുത്ത് ഒന്നിച്ച് തെരുവിലിറങ്ങിയത്. അന്ന് കരുത്തരായ സോവിയറ്റ് സൈന്യം ജനങ്ങളുടെ ശക്തിക്കുമുന്നിൽ തോറ്റ് തുന്നംപാടി. അന്നും ഹെറാത്ത് നഗത്തിലാണ് ആദ്യം ജനങ്ങൾ സോവിയറ്റ് സൈന്യത്തിനെതിരെ രംഗത്തെത്തിയത്. ഇന്ന് താലിബാനെതിരെ പോരാടുന്ന ഭൂരിഭാഗത്തിനും രക്ഷിതാക്കൾ പറഞ്ഞുള്ള അറിവുമാത്രമേ ഇതിനെക്കുറിച്ചുള്ളൂ.
ഹെറാത്തിൽ നിന്ന് സ്വാധീനം ഉൾക്കൊണ്ട് കാണ്ഡഹാർ, ലഷ്‌കർ ഗാഹ് നഗരങ്ങളിലും താലിബാനെതിരെയുളള ചെറുത്തുനിൽപ്പ് ശക്തമായി തുടരുകയാണ്. അഫ്ഗാനിൽ വാണിജ്യപരമായും സാംസ്‌കാരികമായും പ്രാധാന്യമുളള നഗരമാണ് ലഷ്‌കർ ഗാഹ്.താലിബാനെതിരെ പോരാടാൻ കാബൂൾ തുടങ്ങിയ വിദൂര നഗരങ്ങളിൽ താമസിക്കുന്നവരും ജന്മ നാടുകളിലേക്ക് എത്തുകയാണ്. താലിബാനെ ചെറുക്കുന്നത് അഭിമാനബോധം വളർത്തുന്നുവെന്നാണ് അവർ പറയുന്നത്.
'കാബൂളിലായിരുന്നു ഞാൻ കഴിഞ്ഞിരുന്നത്. എന്നാൽ എന്റെ നഗരം താലിബാൻ കൈക്കലാക്കാൻ ശ്രമിക്കുമ്പോൾ ഞാനെങ്ങനെ അവിടെ കഴിയും. അങ്ങനെ ഹെറാത്തിലേക്ക് ഞാനും എത്തി
- അഹ്മദുള്ള അസദാനി പറയുന്നു. ചിലയിടങ്ങളിൽ സ്ത്രീകളും താലിബാനെതിരെ ആയുധമെടുക്കുന്നുണ്ട്.
ഗ്രാമങ്ങൾ പിടിച്ചടക്കിയ താലിബാൻ നഗരങ്ങളിൽ പിടിമുറുക്കാൻ ശ്രമിച്ചതോടെ ചെറുത്ത്നിൽപ്പ് ശക്തമായത്. താലിബാൻ പിടിച്ചെടുത്ത നഗരപ്രാന്തങ്ങളിൽ സൈന്യം ആക്രമണം ശക്തമാക്കിയിട്ടുണ്ട്. താലിബാൻ കേന്ദ്രങ്ങളിൽ ശക്തമായ ബോംബാക്രമണമാണ് സൈന്യം നടത്തുന്നത്. താലിബാനെ നേരിടാൻ വ്യോമാക്രമണമാണ് കൂടുതലായും അഫ്ഗാൻ സേന നടത്തുന്നത്. എന്നാൽ ഇതുവഴി സാധാരണ ജനങ്ങളും കൊല്ലപ്പെടുന്നുണ്ട്. ഇവിടെ ജനങ്ങൾ ഭീതിജനകമായ അവസ്ഥയിലാണ്.