ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ ക്യൂമോ രാജിവയ്ക്കണമെന്ന് ബൈഡൻ

Thursday 05 August 2021 1:02 AM IST

വാഷിംഗ്ടൺ: ലൈംഗികാരോപണം നേരിടുന്ന ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ ക്യൂമോ രാജി വയ്ക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. അന്വേഷണത്തിൽ അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണിത്. സർക്കാർ ജീവനക്കാരും മുൻ ജീവനക്കാരുമുൾപ്പെടെ പതിനൊന്നോളം വനിതകളെ ക്യൂമോ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന് തെളിഞ്ഞിരുന്നു.

കൊവിഡ് നിയന്ത്രണനടപടികളിലൂടെ ഏറെ ശ്രദ്ധ നേടിയ ക്യൂമോയെ അമേരിക്കൻ ഭരണകൂടത്തിലെ ഏറ്റവും മികച്ച ഭരണാധികാരികളിലൊരാളായാണ് വിലയിരുത്തുന്നത്.

തനിക്കെതിരെയുള്ള ആരോപണങ്ങൾ നിഷേധിച്ച ക്യൂമോ രാജിയാവശ്യവുമായി ബന്ധപ്പെട്ടുള്ള ഫോൺ കോളുകൾ നിരസിച്ചിരുന്നു. എന്നാൽ രാജി വയ്ക്കണമെന്ന് ചൊവ്വാഴ്ച ബൈഡനും വൈറ്റ് ഹൗസ് വക്താവ് നാൻസി പെലോസിയും ആവശ്യപ്പെട്ടതോടെ ക്യൂമോ പ്രതിരോധത്തിലായിരിക്കുകയാണ്. ക്യൂമോക്കെതിരെയുള്ള ഇംപീച്ച്‌മെന്റ് നടപടികൾ ആരംഭിച്ചു.

@ വിശദമായ അന്വേഷണ റിപ്പോർട്ട്

ലൈംഗികാരോപണത്തിൽ വിശദമായ റിപ്പോര്‍ട്ടാണ് ലഭിച്ചതെന്ന് അറ്റോർണി ജനറൽ ലെറ്റിഷ്യ ജയിംസ് അറിയിച്ചു. സിവിൽ രീതിയിലുള്ള അന്വേഷണമായതിനാല്‍ ഗവർണർക്ക് ക്രിമിനൽ നടപടികൾ നേരിടേണ്ടി വരുമോയെന്ന കാര്യം വ്യക്തമല്ല. എന്നാൽ, വിഷയത്തിൽ ജില്ലാ അറ്റോർണി ഓഫീസ് അന്വേഷണം ആരംഭിച്ചെന്നാണ് റിപ്പോർട്ട്.

പൊതു സമൂഹത്തിന്റെ നിരീക്ഷണത്തിലാണ് ഞാൻ എല്ലായ്പ്പോഴും ജീവിച്ചത്. അറുപത്തിമൂന്നുകാരനായ എനിക്ക് ആരോപണങ്ങളില്‍ വീഴേണ്ട കാര്യമില്ല. ഒരു സ്ത്രീയേയും അത്തരത്തിൽ സമീപിച്ചിട്ടില്ല. ഇക്കാര്യങ്ങൾക്കൊന്നും എന്നെ ഉത്തരവാദിത്വങ്ങളിൽ അകറ്റാനാകില്ല. ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്. ജനങ്ങൾ യാഥാർത്ഥ്യം തിരിച്ചറിയണം - ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ ക്യൂമോ